ആന്ധ്രാപ്രദേശില്‍ കോവിഡില്‍ വന്‍ കുതിപ്പ്; ഇന്ന് 10376 പേര്‍ക്ക് രോഗം, മഹാരാഷ്ട്രയില്‍ ഇന്ന് 10320 പുതിയ കേസുകള്‍

ആന്ധ്രാ : ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 10,376 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,933 ആയി.

വ്യാഴാഴ്ച 10,167 പേര്‍ക്കും ബുധനാഴ്ച 10,093 പേര്‍ക്കും ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയും കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നതോടെ 30,636 പുതിയ രോഗികളാണ് മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായത്.

മഹാരാഷ്ട്രയ്ക്കുശേഷം പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 10,000 കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 68 മരണങ്ങള്‍കൂടി 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 1349 ആയി.

മഹാരാഷ്ട്രയില്‍ ഇന്ന് 10,320 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,22,118 ആയി. 265 മരണങ്ങള്‍കൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 14,994 ആയി.

7543 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,56,158 ആയി. 60.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 3.55 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

മുംബൈയില്‍ ഇന്ന് 1100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,287 അയി. 87074 പേര്‍ മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ധാരാവിയില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 77 ആക്ടീവ് കേസുകള്‍ മാത്രമാണ് നിലവില്‍ ധാരാവിയിലുള്ളത്.

pathram:
Related Post
Leave a Comment