സുശാന്തിന്റെ മരണം; കള്ളപ്പണം വെളുപ്പിക്കല്‍, എന്‍ഫോഴ്സ്മെന്റ് കേസെടുത്തു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംശയകരമായ 15 കോടിയുടെ ഇടപാടുകളെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ (പിഎംഎല്‍എ) പ്രകാരം കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിഹാര്‍ പോലീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്രതുക കൈമാറിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ബിഹാര്‍ പോലീസ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്നയില്‍ നിന്നുള്ള പോലീസ് സംഘം മൂന്ന് ദിവസമായി മുംബൈയില്‍ ക്യാംപുചെയ്ത് അന്വേഷണം നടത്തുകയാണ്. സുശാന്തും നടി റിയ ചക്രബര്‍ത്തിയും അവരുടെ സഹോദരനും ചേര്‍ന്ന് തുടങ്ങിയ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താന്‍ ബിഹാര്‍ പോലീസ് ബാങ്കുകളില്‍ അടക്കം പരിശോധന നടത്തിയിരുന്നു.

സുശാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് റിയ ചക്രബര്‍ത്തി അനധികൃത ഇടപാടുകള്‍ നടത്തിയെന്നും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നും സുശാന്തിന്റെ അച്ഛന്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇടപാടുകള്‍ നിയമാനുസൃതം ആയിരുന്നുവോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

എന്നാല്‍, ബിഹാര്‍ പോലീസ് നടത്തുന്ന അന്വേഷണത്തെ മുംബൈ പോലീസ് എതിര്‍ക്കുന്നുവെന്നാണ് ആരോപണം. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തിക്കൊള്ളാം എന്ന നിലപാടിലാണ് മുംബൈ പോലീസ്.

മുംബൈ പോലീസും കേസില്‍ സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്. താരത്തോട് വ്യക്തി വിരോധം വച്ചുപുലര്‍ത്തിയവരെ കുറിച്ചും മോശമായി പെരുമാറിയവരെ കുറിച്ചും ബോളിവുഡില്‍ ഒതുക്കാന്‍ ശ്രമിച്ചതിനെ കുറിച്ചുമൊക്കെ മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ സുശാന്തിന്റെ കുടുംബം എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ ആരോപണങ്ങളോ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല എന്നാണ് മുംബൈ പോലീസ് പറയുന്നത്. പരാതി തങ്ങള്‍ക്ക് എഴുതി നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, കേസ് അന്വേഷണത്തില്‍ ബിഹാറിലെയും മുംബൈയിലെയും പോലീസ് സേനകള്‍ക്കിടയിലുള്ള ഭിന്നതയെക്കുറിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈ പോലീസ് കേസ് അന്വേഷണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടില്ലെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും നേരത്തെ വ്യക്തമാക്കിയിരുന്നു.

സുശാന്ത് സിങ് രജ്പുത്ത് (34) നെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ജൂണിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

pathram:
Related Post
Leave a Comment