അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലെന്ന് പഠനം

അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതല്‍ ആയിരിക്കുമെന്നു പഠനം. ജാമാ പീഡിയാട്രിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മുതിര്‍ന്നവരെയും വലിയ കുട്ടികളെയും അപേക്ഷിച്ച്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മൂക്കില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം പത്തു മുതല്‍ നൂറിരട്ടി വരെ കൂടുതല്‍ ആയിരിക്കുമെന്നു കണ്ടത്. സമൂഹത്തില്‍ കോവിഡ് വ്യാപനത്തിന് കുട്ടികള്‍ പ്രധാന കാരണം ആകുമെന്നും ഗവേഷകര്‍ പറയുന്നു.

ഷിക്കാഗോയിലെ 145 രോഗികളില്‍ ലക്ഷണം പ്രകടമായി ഒരാഴ്ചയ്ക്കുള്ളില്‍ സ്വാബ് ടെസ്റ്റ് നടത്തി. മാര്‍ച്ച് 23 നും ഏപ്രില്‍ 27 നും ഇടയില്‍ ആണ് ടെസ്റ്റ് നടത്തിയത്. രോഗികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഒന്നാമത്തെ ഗ്രൂപ്പില്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 46 കുട്ടികളെയും രണ്ടാമത്തെ ഗ്രൂപ്പില്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 51 കുട്ടികളെയും ഉള്‍പ്പെടുത്തി. 18 മുതല്‍ 65 വയസ്സു വരെ പ്രായമുള്ള 48 പേരെ മൂന്നാമത്തെ ഗ്രൂപ്പിലും പെടുത്തി .

ചെറിയ കുട്ടികളുടെ ശ്വാസനാളികളില്‍ സാര്‍സ് കോവ് 2 ന്റെ അളവ് 10 മുതല്‍ 100 ഇരട്ടി വരെ ആണെന്ന് ആന്‍ ആന്‍ഡ് റോബര്‍ട്ട് എച്. ലൂറി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ടെയ്ലര്‍ ഹീല്‍ഡ് സര്‍ജന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ കണ്ടു. കൊറോണ വൈറസിന്റെ ജനിതക സാന്നിധ്യം എത്ര കൂടുതലാണോ, പകരുന്ന ഈ വൈറസിന്റെ വളര്‍ച്ചയും അത്ര മാത്രം കൂടുതല്‍ ആയിരിക്കുമെന്ന് ലാബില്‍ നടത്തിയ പഠനത്തിലൂടെയും ഗവേഷകര്‍ തെളിയിക്കുന്നു.

കൂടുതല്‍ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ (RSV) വഹിക്കുന്ന കുട്ടികള്‍, രോഗം പകര്‍ത്താനുള്ള സാധ്യതയും കൂടുതലായിരിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.

പൊതു സമൂഹത്തില്‍ സാര്‍സ് കോവ് 2 ന്റെ വ്യാപനത്തില്‍ ചെറിയ കുട്ടികള്‍ പ്രധാന പങ്കു വഹിക്കുന്നതായി ഈ പഠനം പറയുന്നു. അമേരിക്കയില്‍ സ്‌കൂളുകളും ഡേ കെയറുകളും തുറക്കണം എന്ന ആവശ്യം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഈ പഠനം പുറത്തു വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

pathram:
Leave a Comment