കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ശ്രമം

യുഎസ് സർവകലാശാലയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചൈന ശ്രമിച്ചതായി യുഎസ് ആരോപണം. ഹൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റിനെ പ്രതിക്കൂട്ടിലാക്കി യുഎസ് തൊടുത്ത ആരോപണത്തിന്റെ വിവരങ്ങൾ തേടി എഫ്ബിഐ വാക്സിൻ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സസുമായി ബന്ധപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ‘ബൗദ്ധിക സ്വത്ത്’ (intellectual property) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് ചൈനീസ് ഹാക്കർമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആരോപണം യുഎസ് നേരത്തേ തന്നെ ഉന്നയിക്കുന്നതാണ്.

കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണ വിവരങ്ങൾ ഉൾപ്പെടെ യുഎസ് സർവകലാശാലകളിലെ ഗവേഷണ വിവരങ്ങൾ ചോർത്താൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായി ടെക്സസ് സർവകലാശാലയുടെതായി പുറത്തു വന്ന ഇമെയിൽ സന്ദേശത്തിൽ ആരോപിക്കുന്നു. എഫ്ബിഐ അന്വേഷണത്തെ കുറിച്ച് സർവകലാശാല ഫാക്കൽറ്റികൾക്കും ഗവേഷകർക്കും അയച്ച ഇമെയിൽ സന്ദേശമാണ് പുറത്തായത്.

വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ആരെയാണ് ബന്ധപ്പെട്ടതെന്നോ എന്താണു ചർച്ച ചെയ്തതെന്നോ അറിയില്ലെന്നും ഗവേഷണ വിവരങ്ങൾ എഫ്ബിഐയ്ക്കും നൽകിയിട്ടില്ലെന്നും ടെക്സസ് സർവകലാശാല ഇമെയിലിൽ വ്യക്തമാക്കി.

ചൈനയും അമേരിക്കയും പരസ്പരം കോണ്‍സുലേറ്റുകള്‍ അടയ്ക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിനെ ലക്ഷ്യമിട്ട് യുഎസ് ആരോപണം എന്നതു ശ്രദ്ധേയമാണ്. 40 വർഷമായി പ്രവർത്തിച്ചിരുന്ന ഹൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റ് അടുത്തിടെയാണ് അടച്ചുപൂട്ടിയത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment