മൃതദേഹം ദഹിപ്പിക്കൽ: സഹായം നൽകിയതു ഹിന്ദു സമൂഹം; ബിഷപ്

ആലപ്പുഴ : കോവിഡ് സ്ഥിരീകരിച്ച മൃതദേഹങ്ങൾ സാധാരണ രീതിയിൽ മറവു ചെയ്യുന്നതിൽ പ്രയാസമുണ്ടാകുന്ന സാഹചര്യം മുൻകൂട്ടി കണ്ടിരുന്നതായും അതനുസരിച്ചു കൂടിയാലോചനകൾക്കു ശേഷം നേരത്തെ തന്നെ പള്ളികളിൽ ഇക്കാര്യം അറിയിച്ചതായും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ. പള്ളികളിൽ അതിനുള്ള ഒരുക്കം നടത്തി. പ്രത്യേക പ്രാർഥനയും നടത്തി.

സഭയ്ക്കു പരിചിതമല്ലാത്ത കാര്യമായ മൃതദേഹം ദഹിപ്പിക്കലിൽ സഹായവും നിർദേശങ്ങളും നൽകിയതു ഹിന്ദു സമൂഹമാണെന്നു ബിഷപ്പ് പറഞ്ഞു. ചിതയൊരുക്കലിലും മറ്റും അവർ വലിയ സഹായം ചെയ്തു. മൃതദേഹം ദഹിപ്പിക്കൽ സഭ അനുവദിച്ചിട്ടുള്ളതു തന്നെയാണ്. ഇപ്പോൾ കൂടിയാലോചനയിലൂടെ നടപ്പാക്കിയെന്നു മാത്രം. ഇനിയും വേണ്ടിവന്നാൽ പ്രയാസമില്ലാതെ ചെയ്യാവുന്ന സാഹചര്യം ഇപ്പോഴുണ്ടായി.

ഇത്തരം സാധ്യതകൾ ജനങ്ങൾ അറിയട്ടെ. മൃതദേഹം സംസ്കരിക്കുന്നത് വൈകുന്നതിനാൽ ഒട്ടേറെപ്പേർ ദുഃഖിച്ചിരിക്കുന്നുണ്ട് – ബിഷപ് പറഞ്ഞു. ചൊവ്വാഴ്ച 2 മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തിരുന്നു. ഇന്നലെ പള്ളിത്തോട്ടിൽ ഒരു മൃതദേഹം ഇതേ രീതിയിൽ സംസ്കരിച്ചു. കത്തോലിക്കാ സഭ മരണാനന്തര ശുശ്രൂഷയ്ക്ക് നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ആവശ്യമെങ്കിൽ ദഹിപ്പിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദേശങ്ങളിലും ഇന്ത്യയിലും കത്തോലിക്കാ സഭാംഗങ്ങളുടെ മൃതദേഹം ദഹിപ്പിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ വിവിധ രൂപതകൾ നൽകിയ മാർഗനിർദേശങ്ങളിലും ഇത് ഉൾപെടുത്തിയിട്ടുണ്ട്. കോവിഡ് മൂലം മരിച്ച രണ്ടുപേരുടെ സംസ്‍കാരം പ്രത്യേക സാഹചര്യത്തിൽ നീണ്ടുപോകുകയായിരുന്നു. തുടർന്നാണ് മൃതദേഹം ദഹിപ്പിക്കാൻ തീരുമാനിച്ചതെന്നും ബിഷപ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment