‘പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്ന് വിചാരിച്ചു; ഇത്ര ക്രൂരമായി കൊല്ലുമെന്ന് കരുതിയില്ല’

‘2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിൻ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഇവർ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏൽപ്പിക്കുന്നതിൽ വരെ എത്തി.’ കഴിഞ്ഞ ദിവസം യുഎസിൽ അതിദാരുണമായി കൊല്ലപ്പെട്ട പിറവം മരങ്ങാട്ടിൽ ജോയിയുടേയും മേഴ്സിയുടേയും മൂത്ത മകൾ മെറിൻ ജോയിയുടെ മരണത്തെ കുറിച്ച് ബന്ധു പറഞ്ഞത് ഇങ്ങനെ.

‘ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്റെ പ്രശ്നങ്ങൾ പതിയെ പതിയെ ഫിലിപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാൾ മികച്ച ജോലിയും സമൂഹത്തിൽ സ്ഥാനവും ലഭിക്കുന്നത് അയാളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. മെറിൻ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോൺസിലെ മികച്ച വിദ്യാർഥിയായിരുന്നു. ആദ്യം വാക്കുതർക്കങ്ങൾ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. മെറിനോടുള്ള ഈ സമീപനം അത്ര പാരമ്യത്തിൽ എത്തിയപ്പോഴാകാം അയാൾ കൊലപാതകത്തിന് ഒരുങ്ങിയത്.’– അദ്ദേഹം പറഞ്ഞു.
തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മെറിൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തിൽ മൂർച്ഛിച്ചതായി അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഇവർ അവസാനമായി നാട്ടിൽ എത്തിയപ്പോൾ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവിൽ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇരുവരും പറഞ്ഞു തീർക്കുമെന്നാണ് കരുതിയത്. അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു പറയുന്നു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മെറിൻ ക്രൂരമായി കൊല്ലപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യു, മെറിനെ കുത്തി കൊലപ്പെടുത്തുന്നത്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ.നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തെന്നാണ് വിവരം. രണ്ടു വയസ്സുള്ള നോറ മകളാണ്.

pathram desk 1:
Related Post
Leave a Comment