തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സക്കാത്തിന്റെ ഭാഗമായി റംസാന്‍ കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊടുത്തതെന്ന് മന്ത്രി കെ.ടി. ജലീല്‍.
“ഇതിന്റെ പേരില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നിബഹനാന്‍ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കില്‍ അതേറ്റു വാങ്ങാന്‍ ആയിരം വട്ടം ഞാനൊരുക്കമാണ്.” ഒരിടത്തും അപ്പീലിന് പോലും പോകില്ലെന്നും ജലീല്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് കാലത്ത് യു.എ.ഇ. കോണ്‍സുലേറ്റിന്റെ ആയിരം കിറ്റുകള്‍ക്ക് പുറമെ ഉദാരമതികളായ എന്റെ സുഹൃത്തുക്കളില്‍നിന്ന് സ്വരൂപിച്ച ഒന്‍പതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്തത്. മത-ജാതി-പാര്‍ട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നല്‍കിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവന്‍ മല്‍സ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാര്‍ബര്‍മാരും സ്വകാര്യബസ് തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. അക്കൂട്ടത്തില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഇടതു പാര്‍ട്ടിക്കാരും ഒരു പാര്‍ട്ടിയിലുമില്ലാത്തവരും എല്ലാമുണ്ടെന്നും ജലീല്‍ പറഞ്ഞു.
കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
റംസാന്‍ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക് വിശുദ്ധ ഖുര്‍ആന്റെ കോപ്പികളും നല്‍കുക എന്നത് നൂറ്റാണ്ടുകളായി അറബ് സമൂഹം പുലര്‍ത്തിപ്പോരുന്ന പരമ്പരാഗത രീതികളാണ്. ഈ പ്രാവശ്യം നോമ്പ് കാലത്ത് രാജ്യമാകെ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ സാധാരണ കൊടുക്കുന്നത് പോലെ തിരുവനന്തപുരത്തെ UAE കോണ്‍സുലേറ്റിന് പാവപ്പെട്ടവര്‍ക്ക് സകാത്ത് വകയിലുള്ള ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുര്‍ആന്റെ കോപ്പികളും നല്‍കാന്‍ സാധിച്ചിരുന്നില്ല. അവ രണ്ടും വിതരണം ചെയ്യാന്‍ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു കൗണ്‍സല്‍ ജനറല്‍ 2020 മെയ് 27ന് എനിക്ക് സന്ദേശമയച്ച് ചോദിച്ചത്. കേരളത്തിലെ മുസ്ലിം പള്ളികളുടെ ചുമതലയുള്ള വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് അവിടങ്ങളില്‍ കൊടുക്കാനുള്ള ഖുര്‍ആന്‍ കോപ്പികളുടെ കാര്യവും എന്നോട് തന്നെ ആരാഞ്ഞത്.
കോണ്‍സുലേറ്റ് തന്നെ നേരിട്ടാണ് ഭക്ഷണക്കിറ്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ട ഏജന്‍സിക്ക് അതിന്റെ വില (സംഭാവനയല്ല) നല്‍കുന്നതിനും തയ്യാറായത്. ഒരു രൂപ പോലും ഞാന്‍ ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല.
വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ രണ്ടു മത സ്ഥാപനങ്ങളെ കോവിഡ് കാലം കഴിഞ്ഞ് പള്ളികള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ അവിടങ്ങളിലേക്ക് നല്‍കാന്‍ വേണ്ടി ഏല്‍പിക്കുകയും ചെയ്തു. (എടപ്പാള്‍ പന്താവൂര്‍ അല്‍ ഇര്‍ഷാദ്, ആലത്തിയൂര്‍ ദാറുല്‍ ഖുര്‍ആന്‍ അക്കാദമി). ആര്‍ക്കു വേണമെങ്കിലും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചോ നേരിട്ടോ അന്വേഷിച്ച് സംശയനിവാരണം വരുത്താവുന്നതാണ്.
കോവിഡ് കാലത്ത് UAE കോണ്‍സുലേറ്റിന്റെ ആയിരം കിറ്റുകള്‍ക്ക് പുറമെ ഉദാരമതികളായ എന്റെ സുഹൃത്തുക്കളില്‍ നിന്ന് സ്വരൂപിച്ച ഒന്‍പതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്തത്. മത ജാതി പാര്‍ട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നല്‍കിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവന്‍ മല്‍സ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാര്‍ബര്‍മാരും സ്വകാര്യബസ് തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. അക്കൂട്ടത്തില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഇടതുപാര്‍ട്ടിക്കാരും ഒരു പാര്‍ട്ടിയിലുമില്ലാത്തവരും എല്ലാമുണ്ട്.
പാവപ്പെട്ടവര്‍ക്ക് സകാത്തിന്റെ ഭാഗമായി റംസാന്‍ കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും UAE കോണ്‍സുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത്. ഇതിന്റെ പേരില്‍ UDF കണ്‍വീനര്‍ ബെന്നിബഹനാന്‍ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കില്‍ അതേറ്റുവാങ്ങാന്‍ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല.
വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്. അവ കോണ്‍സുലേറ്റിന് തന്നെ തിരിച്ച് നല്‍കാന്‍ വഖഫ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പറഞ്ഞ്, ബെന്നിബഹനാന്‍ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത്കൂടി എഴുതിയാല്‍ നന്നാകും. അതുപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാന്‍ ഞാന്‍ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുര്‍ആന്‍ സമൂഹത്തില്‍ ഐക്യമുണ്ടാക്കാന്‍ അവതീര്‍ണ്ണമായ വേദഗ്രന്ഥമാണ്. അല്ലാതെ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കാന്‍ അവതരിച്ചിട്ടുള്ളതല്ല. കോണ്‍ഗ്രസ് – ലീഗ് നേതൃത്വങ്ങളെ ഇക്കാര്യം പ്രത്യേകം അറിയിച്ചു കൊള്ളട്ടെ.
‘സ്വര്‍ണ്ണക്കിറ്റെ’ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ ‘സ്വര്‍ണ്ണഖുര്‍ആന്‍’ എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയേ എന്റെ സുഹൃത്ത്കൂടിയായ കെ. സുരേന്ദ്രരനോട് എനിക്കുള്ളൂ. ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ സുരേന്ദ്രന്‍.
follow us: PATHRAM ONLINE
Leave a Comment