തലസ്ഥാനത്ത് ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകള്‍ അനുവദിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഇളവുകള്‍ ഉണ്ടാവും. ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ജില്ലയിലെന്ന് കരുതുന്നില്ല. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ തിരുവനന്തപുരത്തിന്റെ പൊതുവായ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയാണ് തിരുവനന്തപുരം. 2800-ല്‍ അധികം രോഗബാധിതരാണ് ഇവിടെയുള്ളത്. അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോക്ഡൗണിന്റെ ഭാഗമായി തലസ്ഥാന വാസികളും ജില്ലയിലെ ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായകമായിട്ടുള്ള ഇളവുകള്‍ നല്‍കേണ്ടതായിട്ടുണ്ട് – മന്ത്രി വ്യക്തമാക്കി.

കണ്ടെയിന്‍മെന്റ് സോണുകളില്‍ ശക്തമായ രക്ഷാ നടപടികള്‍ സ്വീകരിക്കുകയം അതേസമയം കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ സഹായകമാകുന്ന ഇളവുകള്‍ നല്‍കാന്‍ സാധിക്കുകയും വേണമെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വൈകിട്ട് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ച നടക്കുക എന്നും മന്ത്രി പറഞ്ഞു.

കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒഴികെ നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചതിനു പിന്നാലെയാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്. ജില്ലയില്‍ മുഴുവനായി പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ ഇന്നത്തോടെ കഴിയുന്ന സാഹചര്യത്തിലാണ് ഇനിയും തുടരേണ്ട ഇളവുകളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ യോഗം ചേര്‍ന്നത്.

ഇപ്പോഴും ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന തീരദേശമേഖലയിലും രോഗം കൂടുതലുള്ള സ്ഥലങ്ങളിലും അതേ നിയന്ത്രണങ്ങള്‍ തുടരണമെന്നും നഗരത്തിലും രോഗവ്യാപനം കുറവുള്ള മറ്റിടങ്ങളിലും സാധാരണ ലോക്ഡൗണ്‍ മതിയാവുമെന്നും തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, പൊഴിയൂരിലെയും പാറശ്ശാലയിലെയും കോവിഡ് വ്യാപനം ഉയര്‍ന്നത് തലസ്ഥാനത്തെ ആശങ്ക വീണ്ടും ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തി പ്രദേശമായ പാറശ്ശാലയില്‍ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാറശ്ശാലയിലെയും പൊഴിയൂരിലെയും ലിമിറ്റഡ് കമ്മ്യൂണി ക്ലസ്റ്ററുകള്‍ ലാര്‍ജ്ജ് ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തമിഴ്നാടുമായുള്ള സമ്പര്‍ക്കമാണ് അതിര്‍ത്തി പ്രദേശയായ പാറശ്ശാലയില്‍ രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ലോക്ഡൗണ്‍ റദ്ദാക്കുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ലോക്ഡൗണ്‍ റദ്ദാക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment