പകര്‍ത്തുന്നത് മന്ത്രി ജലീലിന്റെ ഓഫിസടക്കമുള്ള 83 ക്യാമറകളുടെ ദൃശ്യങ്ങള്‍…; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും

സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നു സാങ്കേതിക വിഭാഗം. 83 ക്യാമറകളിലെ ദൃശ്യങ്ങളാണ് പകര്‍ത്തുന്നത്. 2019 ജൂലൈ ഒന്നു മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് കൈമാറിയത്.

കഴിഞ്ഞദിവസം മുതലാണ് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്കില്‍നിന്നു ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു ഹാര്‍ഡ് ഡിസ്കിലേക്കാണ് പകര്‍ത്തുന്നത്. ഒരു ടെറാബൈറ്റ് വരെ എക്സ്റ്റേണല്‍ ഹാര്‍ഡ്ഡിസ്കില്‍ പകര്‍ത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.

എന്നാല്‍ ഒരു വര്‍ഷത്തെ സംഭരിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സാങ്കേതിക വിഭാഗം ഹൗസ്കീപ്പിങ് വിഭാഗത്തിനു നല്‍കിയിരിക്കുന്ന വിവരം. ഇതനുസരിച്ച് ഒരാഴ്ച മുതല്‍ പത്തു ദിവസത്തെയെങ്കിലും സമയം വേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫിസിരിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസ്, മന്ത്രി കെ.ടി.ജലീലിന്‍റെ ഓഫിസ് തുടങ്ങിയതടക്കമുള്ള 83 ക്യാമറകളുടെ ദൃശ്യങ്ങളാണ് പകര്‍ത്തുന്നത്.

എന്നാല്‍ സര്‍ക്കാര്‍ പകര്‍ത്തി നല്‍കിയ ദൃശ്യങ്ങള്‍ സ്വീകരിക്കുമോ, ഹാര്‍ഡ് ഡിസ്ക് തന്നെ എന്‍ഐഎ കൊണ്ടുപോകുമോ എന്നു കൈമാറിയ കത്തില്‍ സൂചിപ്പിച്ചിട്ടില്ല. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതല്ലാതെ എന്നു വേണമെന്നു ചീഫ് സെക്രട്ടറിക്ക് കൈമാറിയ കത്തിലും എന്‍ഐഎ സൂചിപ്പിച്ചിരുന്നില്ല. മേയ് മാസത്തിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ക്യാമറകള്‍ രണ്ടാഴ്ച പ്രവര്‍ത്തന രഹിതമായി എന്നതൊഴിച്ചാല്‍ മറ്റു ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നാണ് സെക്രട്ടറിയേറ്റ് വാദം.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment