തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമാണെന്നു മന്ത്രിസഭായോഗം. പൂര്‍ണമായി ലോക്ഡൗണിലേക്കു പോകുന്നതിനു പകരം രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. ക്ലിഫ് ഹൗസിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം നിയന്ത്രിച്ചു.
മന്ത്രിമാര്‍ ഔദ്യോഗിക വസതികളിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണം ചെയ്യില്ലെന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായത്തോട് മന്ത്രിസഭായോഗവും യോജിച്ചു. ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ജനവികാരം എതിരാക്കുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരും.
രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. വാണിജ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ധനബില്‍ പാസാക്കുന്നത് രണ്ടുമാസത്തേക്കു വൈകിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധനബില്‍ പാസാക്കാനുള്ള സമയപരിധി 29ന് അവസാനിക്കും. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Leave a Comment