കോവിഡ്: 35000 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നടത്തിയ പരിശേധനാഫലം..

തിരുവനന്തപുരം: 35000 പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം പഞ്ചായത്തില്‍ ഇതുവരെ നടത്തിയത് 863 പേരുടെ മാത്രം കോവിഡ് പരിശോധന. അതില്‍ 388 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിശോധിച്ചതില്‍ 45% പേരും രോഗ ബാധിതര്‍. സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള ഉള്‍പ്പെട്ട പഞ്ചായത്താണിത്. പതിനായിരത്തോളം ജനസംഖ്യയുള്ള അടിമലത്തുറയില്‍ ഇതുവരെ 172 പേരെ മാത്രം പരിശോധിച്ചപ്പോള്‍ മൂന്ന് കോസ്റ്റല്‍ ഹോം ഗാര്‍ഡ് ഉള്‍പ്പടെ 89 പേരാണു രോഗ ബാധിതര്‍; 51.74%.

സമൂഹ വ്യാപനം സ്ഥിരീകരിച്ച പൂന്തുറയും സമീപ മേഖലകളായ പുത്തന്‍പളളി, മാണിക്കവിളാകം എന്നിവിടങ്ങളിലുമായി 3008 പേരെ പരിശോധിച്ചപ്പോള്‍ 603 പേരായിരുന്നു പോസിറ്റീവ്; 20%. പക്ഷേ പൂന്തുറ വാര്‍ഡ് മാത്രം പരിഗണിച്ചാല്‍ സ്ഥിതി ഗുരുതരം. രോഗികളെയും ഇവിടെയാണ്. ജൂലൈ എട്ടു മുതലുള്ള കണക്കാണിതെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പൂന്തുറയിലും പരിശോധനകളുടെ എണ്ണം കുറഞ്ഞു. ഈ മൂന്നു കോര്‍പ്പറേഷന്‍ വാര്‍ഡുകളിലുമായി 35000 ആണ് ജനസംഖ്യ.

ഇന്നലെ കരുംകുളത്ത് 45 പേരെ പരിശോധിച്ചപ്പോള്‍ 12 പേര്‍ക്കും അടിമലത്തുറയില്‍ 38ല്‍ 12 പേര്‍ക്കും പൂന്തുറയില്‍ 68ല്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പൂന്തുറയില്‍ കഴിഞ്ഞ രണ്ടു ദിവസമായി വീടുകളില്‍ കഴിയുന്ന കിടപ്പ് രോഗികളായ 19 പേരെ പരിശോധിച്ചപ്പോള്‍ അഞ്ചു പേര്‍ക്കു രോഗം സ്ഥിരീകരിച്ചതും ആശങ്കയേറ്റുന്നു. തീര മേഖലയില്‍ കോവിഡ് വ്യാപനം ഏറ്റവും ശക്തമായ മൂന്നു പ്രദേശങ്ങളുടെ അവസ്ഥയാണിത്.

വേണ്ടത്ര അളവില്‍ പരിശോധന നടക്കുന്നുണ്ടെന്നും സമൂഹ വ്യാപനം സംഭവിച്ചിടങ്ങളില്‍ പരിശോധന കൂട്ടിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് കണക്കുകള്‍ യാഥാര്‍ഥ്യം വ്യക്തമാക്കുന്നത്. സമൂഹ വ്യാപന മേഖലകളില്‍ പരിശോധന പരമാവധി കൂട്ടി രോഗികളെ വേഗം സ്ഥിരീകരിക്കുന്നതിലൂടെയാണ് രോഗവ്യാപനത്തിനു തടയിടേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച ശേഷം ഈ പ്രദേശങ്ങളിലെല്ലാം ദിവസവും അന്‍പതില്‍ താഴെപ്പേരെ മാത്രമാണ് ആന്റിജന്‍ പരിശോധന. ഇതില്‍ നല്ലൊരു പങ്ക് പോസിറ്റീവ് ആവുകയും ചെയ്യുന്നു.

നിലവില്‍ അപ്രഖ്യാപിതമായ ഒരു പരിശോധന നയമാണ് രോഗവ്യാപന ഭീഷണി ഏറ്റവും ശക്തമായ തീര പ്രദേശങ്ങളിലെല്ലാം നടപ്പാക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പ്രായമായവരും കുട്ടികളും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും മാത്രം പരിശോധിക്കുക. ഒപ്പം ആരോഗ്യ പ്രവര്‍ത്തകരെയും. അതിനപ്പുറം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം സന്നദ്ധമായി വരുന്നവരെ പോലും പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് പ്രദേശ വാസികളുടെ പരാതി. വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണു നിര്‍ദേശം.

തീരഗ്രാമങ്ങളില്‍ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടണമെന്നും രോഗികളെ കണ്ടെത്തിയാല്‍ ഉടന്‍ മാറ്റി താമസിപ്പിക്കാനുളള ക്രമീകരണമുണ്ടാകണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. വ്യാപകമായ പരിശോധന സംവിധാനം ഉണ്ടാകണമെന്നും വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ആവശ്യപ്പെട്ടു.

അതേസമയം കാരോട് ഗ്രാമപഞ്ചായത്തിലെ വണ്ടൂര്‍ക്കോണം, കുന്നിയോട്, ചാരോട്ടുകോണം എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ വെണ്‍കൊല്ല, ചിപ്പാന്‍ചിറ, കൊല്ലയില്‍, മടത്തറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കളിപ്പാറ, ആലുംകുഴി, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പനയറക്കുന്ന്, കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ തൂങ്ങാംപാറ, വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങമ്മല, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പനയംമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ നെടുവേലി എന്നീ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

follow us pathramonline

pathram:
Related Post
Leave a Comment