തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയുടെ ലോക്കറില്‍നിന്ന് ഒരു കിലോ സ്വര്‍ണവും ഒരു കോടി അഞ്ചുലക്ഷംരൂപയും പിടിച്ചെടുത്തതായി എന്‍.ഐ.എ. റിമാന്‍ഡ് കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടു കോടതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഇക്കാര്യം അറിയിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും സൂചന.
സ്വപ്നയുടെ വീട്ടിലും ബാക്കിലെ ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍നിന്ന് 36.5 ലക്ഷം രൂപയും എസ്.ബി.ഐ. ലോക്കറില്‍നിന്ന് 64 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വര്‍ണം വിവാഹത്തിന് ദുബായിലെ ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
സ്വപ്നയ്ക്ക് വിവാഹ സമ്മാനമായി അഞ്ച് കിലോ സ്വര്‍ണമാണ് മാതാപിതാക്കള്‍ നല്‍കിയതെന്നും അതിനാല്‍ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ അസ്വാഭാവികതയില്ലെന്നും സ്വപ്നയുടെ അഭിഭാഷകന്‍ എന്‍.ഐ.എ. കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മൊഴി നല്‍കിയതെന്നു സ്വപ്ന വ്യക്തമാക്കി. ഈ വാദം എന്‍.ഐ. എ നിഷേധിച്ചു. ജയിലില്‍ വച്ച് കുട്ടികളെ കാണാന്‍ അനുവദിക്കണമെന്ന് സ്വപ്നയുടെ ആവശ്യം കോടതി അനുവദിച്ചു. കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സിക്കു( എന്‍.ഐ.എ) മുന്നില്‍ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ട്. മറ്റന്നാള്‍ കൊച്ചിയിലെത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറെ അറസ്റ്റ് ചെയ്യാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്ന ശിവശങ്കറിന് നിയമവിരുദ്ധ നടപടികളില്‍ സ്വപ്ന ഏര്‍പ്പെടുന്ന വിവരം അറിയാമായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. തനിക്ക് സ്വപ്നയുമായി സൗഹൃദബന്ധം മാത്രമാണുളളതെന്ന ശിവശങ്കറിന്റെ മൊഴി എന്‍.ഐ.എ. വിശ്വാസത്തിലെടുത്തിട്ടില്ല. സ്വപ്നയ്ക്ക് എല്ലാവിധ പിന്തുണയും ശിവശങ്കര്‍ നല്‍കിയിരുന്നുവെന്നാണ് എന്‍.ഐ.എയുടെ കുറ്റാന്വേഷണ വിദഗ്ധരുടെ നിലപാട്.
അതേസമയം സെക്രട്ടേറിയറ്റിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ നല്‍കാനുളള സന്നദ്ധത സര്‍ക്കാര്‍ എന്‍.ഐ.എയെ അറിയിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ജൂെലെ ഒന്നുമുതല്‍ 12 വരെയുളള് ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. എന്നാല്‍ മൂന്നുമാസത്തെ അണ്‍എഡിറ്റഡ് ദൃശ്യങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍തന്നെ ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം വ്യക്തമായിരുന്നു. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ മറ്റൊരു പേഴ്സണല്‍ സ്റ്റാഫംഗവും നിരീക്ഷണത്തിലാണ്. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ സെക്രട്ടേറിയറ്റിലെത്തി ചീഫ് സെക്രട്ടറിയെ കാണണമെന്നാണ് ചട്ടം. എന്നാല്‍, യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിയെ കാണാന്‍ എത്തിയില്ല. പകരം ശിവശങ്കറിനെയും മറ്റൊരാളെയുമാണ് കണ്ടിരുന്നത്. ഇതുസംബന്ധിച്ച വിവരം എന്‍.ഐ.എക്കു ലഭിച്ചിട്ടുണ്ട്. അഡി. എസ്.പി: എ.പി. ഷൗക്കത്തലിയെ പ്രത്യേകസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണ മേല്‍നോട്ടം വഹിക്കും.
follow us pathramonline
Leave a Comment