സംസ്ഥാനത്ത് ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം

സംസ്ഥാനത്ത് ഇന്നു വീണ്ടും കോവിഡ് മരണം. കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കാൻസർ ബാധിതൻ കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ (53) ആണ് വൈകിട്ട് 7.30ന് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ കീമോതെറപ്പി അടക്കമുള്ള ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇന്നു രാവിലെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് മരണങ്ങൾ അഞ്ചായി.

കോട്ടയം ജില്ലയിൽ ആദ്യ കോവിഡ് മരണവും ഇന്നായിരുന്നു. ഇന്നലെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ എത്തിയ 80 കാരൻ മരിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചുങ്കം സ്വദേശിയാണ്. കോട്ടയത്ത് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ‍് സ്ഥിരീകരിച്ചത്. വീണ്ടും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.

കാസര്‍കോട്, പാലക്കാട്, കണ്ണൂർ സ്വദേശികളാണ് നേരത്തെ മരിച്ചത്. പടന്നക്കാട് സ്വദേശിനി നബീസ(75)യാണ് കാസര്‍കോട് മരിച്ചത്. തിരുപ്പൂരിൽ നിന്നും മകനൊപ്പം പയ്യലൂരിലെ വീട്ടിലെത്തി ക്വാറന്റീനിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ച പയ്യലൂർ ഗ്രാമത്തിൽ കെ.പി.സുരേന്ദ്രന്റെ ഭാര്യ അഞ്ജലി (40) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ വീണു അവശ നിലയിലായ ഇവരെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിക്കുന്നത്.

കടുത്ത പ്രമേഹമുണ്ടായിരുന്ന വീട്ടമ്മ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച ഇവരുടെ ക്വാന്റീൻ ദിനങ്ങൾ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ 6 പേർ ക്വാറന്റീനിലാണ്. മക്കൾ ആനന്ദ്, അവിനാശ്.

ബെംഗളൂരുവിൽനിന്നു ചികിത്സ തേടി തലശേരിയിലേക്കു വരും വഴി അബോധാവസ്ഥയിലായ 62 കാരി മരിച്ചു. ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ബെംഗളൂരുവിൽ പനി ബാധിച്ചു ചികിത്സയിലായിരുന്ന തലശേരി സെയ്താർ പള്ളി സ്വദേശിനി കുഞ്ഞിപ്പറമ്പിൽ കെ.പി. ലൈല ആണു മരിച്ചത്.

മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ. ബെംഗളൂരുവിൽ ആശുപത്രികളിലൊന്നും ചികിത്സ കിട്ടാതിരുന്നതിനെ തുടർന്നാണ് തലശേരിയിലേക്കു പുറപ്പെട്ടതെന്നും വ്യാഴാഴ്ച ബെംഗളൂരുവിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇന്നലെ രാത്രി വന്ന ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment