സെറിനയും ചില്ലറക്കാരിയല്ല: സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ‘ഗോള്‍ഡ് സിന്‍ഡിക്കറ്റ്’ പ്രവര്‍ത്തിച്ചതായി കണ്ടെത്തല്‍

കൊച്ചി : സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ‘ഗോള്‍ഡ് സിന്‍ഡിക്കറ്റ്’ പ്രവര്‍ത്തിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ റവന്യു ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതായും ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തി. 25 കിലോഗ്രാം സ്വര്‍ണമാണു കടത്തിയതെന്നായിരുന്നു മുന്‍പ് ലഭിച്ച വിവരം.

ദുബായില്‍ ബ്യൂട്ടി സലൂണ്‍ നടത്തുന്ന സെറീന ഷാജിയും കൂട്ടാളിയും കടത്തിയ സ്വര്‍ണം കഴിഞ്ഞ മേയില്‍ പിടിക്കപ്പെട്ടതോടെയാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള പങ്ക് ആദ്യമായി പുറത്തുവന്നത്. സെറീനയില്‍ നിന്നാണു ഇതുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയുടെ വിവരങ്ങള്‍ ഡിആര്‍ഐക്കു ലഭിച്ചത്. ഇതെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിയ ഡിആര്‍ഐ അത് നദീം എന്നയാളാണെന്നു സ്ഥിരീകരിച്ചു.

കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്‍ കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം (കൊഫെപോസ) ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്. 2019 ജനുവരി– മേയ് കാലയളവിലാണ് രാധാകൃഷ്ണന്റെ ഒത്താശയോടെ വന്‍തോതില്‍ സ്വര്‍ണം കടത്തിയത്. രാധാകൃഷ്ണന്റെ മൊഴിയില്‍ നിന്ന് തിരുവനന്തപുരത്തെ ‘ഗോള്‍ഡ് സിന്‍ഡിക്കറ്റിനെ’ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചിരുന്നു. ഇതോടെയാണു നയതന്ത്ര പാഴ്‌സല്‍ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം.

ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന കടത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളിലൊരാളും മൊഴി നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുസ്സലാമിനു മുന്‍കാല സ്വര്‍ണക്കടത്തുകളിലും പങ്കുള്ളതായി സ്ഥിരീകരിച്ചു. ഡിആര്‍ഐ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തി!ല്‍ എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും.

pathram:
Leave a Comment