സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ 27 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് പ്രത്യേക മന്ത്രിസഭായോഗം 27 ന് ചേരുന്നത്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം സര്‍ക്കാരിനു മുന്‍പിലുണ്ട്. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായവും മന്ത്രിസഭയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മത നേതാക്കളുടെ യോഗം കൂടി വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനമായി. സര്‍വകക്ഷിയോഗവും വിളിക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി സ്വീകരിക്കുക എന്നതാണ് ഉദ്ദേശം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവുക.

അതേസമയം, ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്

pathram:
Leave a Comment