സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വിദഗ്ധരടക്കം മുന്നോട്ടുവെക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എങ്ങിലും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് തിക്കും തിരക്കുമുണ്ടായതിന്റെ ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകഴിഞ്ഞ് വിദ്യാര്‍ഥികള്‍ ഗേറ്റിലൂടെ ഒന്നിച്ച് പുറത്തേക്കിരങ്ങി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അക്കാര്യം മുന്നില്‍ക്കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച സംഭവിച്ചത്. അക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുക്കുന്ന കാര്യവും വിദ്യാര്‍ഥികളുടെ വീടുകളില്‍ വിളിച്ച് അന്വേഷണം നടത്തുന്ന കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക.

ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.

സംസ്ഥാനത്ത് കടലാക്രമണം ശക്തമാണെന്നും തീരശോഷണം നേരിടുന്ന മുപ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബണ്ട് സംരക്ഷണം, കടല്‍ത്തീരത്തെ വീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍ പണം വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ജലസേചന വകുപ്പിനും കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവൃത്തിക്ക് പണം ലഭ്യമല്ലായെങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ ജിയോ ട്യൂബുകളോ ഇടുന്ന പ്രവൃത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ടു ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്നു ലക്ഷം രൂപ, കോര്‍പറേഷനില്‍ അഞ്ചുലക്ഷം രൂപ വരെ ദുരന്ത പ്രതികരണനിധിയില്‍നിന്ന് വഹിക്കും.

follow us: pathram online latest news

pathram:
Related Post
Leave a Comment