കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 4660 രൂപയായി. പവന് 520 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. 37,280 രൂപയാണ് ഇന്നത്തെ വില. പണിക്കൂലി അടക്കം കണക്കാക്കുമ്പോൾ ആഭരണങ്ങൾ വാങ്ങാൻ ഇതിലും കൂടിയ തുക നൽകേണ്ടി വരും. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. 35,800 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും പുതിയ ഉയരങ്ങളിലേക്കാണ് സ്വർണവില കുതിച്ചത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 50,000 രൂപയോടടുത്തു. നാലുശതമാനം വര്‍ധനവോടെ എംസിഎക്‌സില്‍ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയർന്നതിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണ് ഇത്.
കൊവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നത് അന്താരാഷ്ട്ര വിപണിയെ ബാധിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിർത്തി തർക്കവും സ്ഥിതിഗതികൾ രൂക്ഷമാക്കിയിരുന്നു. ഇതുമൂലം വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വർണ നിക്ഷേപം വർധിക്കുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചുവെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍ 2020) മാത്രം ഇറക്കുമതി 94 ശതമാനം കുറഞ്ഞിരുന്നു.
FOLLOW US: pathram online
Leave a Comment