ധാരണകള്‍ തെറ്റിക്കുന്നു; പിന്‍മാറാതെ ചൈന; പ്രകോപനം സൃഷ്ടിക്കുന്നു

കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ്ങിൽ നിന്നു പിന്മാറാതെ പ്രകോപനം തുടർന്ന് ചൈന. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ നാലാം മലനിരയിൽ (ഫിംഗർ 4) നിന്നു ചൈന പൂർണമായി പിന്മാറണമെന്ന് അടുത്തിടെ നടന്ന ഉന്നത സേനാതല ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇവിടെ നിന്ന് ഏതാനും ടെന്റുകളും വാഹനങ്ങളും നീക്കിയതൊഴിച്ചാൽ കാര്യമായ പിന്മാറ്റം ചൈനയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. സംഘർഷം പരിഹരിക്കാനുള്ള ആദ്യ ഘട്ടമെന്ന നിലയിൽ ഒന്നര കിലോമീറ്റർ പിന്മാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

ചൈനീസ് സേന പിന്മാറാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിരോധം തീർത്ത് ഇന്ത്യൻ സേനാംഗങ്ങളും പ്രദേശത്തു നിലയുറപ്പിച്ചിരിക്കുകയാണ്. ഗോഗ്ര ഹൈറ്റ്സിലെ പട്രോൾ പോയിന്റ് 17 എയിലും ധാരണപ്രകാരമുള്ള പിന്മാറ്റം ചൈന നടത്തിയിട്ടില്ല. അതേസമയം, ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ പിന്മാറിയിട്ടുണ്ട്. സംഘർഷം പൂർണമായി പരിഹരിക്കാനുള്ള നടപടികൾ സങ്കീർണമാണെന്നും അതിനു മാസങ്ങളെടുത്തേക്കാമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇതിനിടെ, ൈചനയുടെ നീക്കങ്ങളും സന്നാഹങ്ങളും നിരീക്ഷിക്കാൻ കൂടുതൽ ഡ്രോണുകൾ കരസേന അതിർത്തിയിലെത്തിച്ചു. ഡിആർഡിഒ വികസിപ്പിച്ച ‘ഭാരത്’ ഡ്രോണുകളാണ് ഇവ. റഡാറിൽ പെടാതെ പറക്കാൻ കെൽപുള്ളവയാണ് ഇവ. ഇസ്രയേൽ നിർമിത ‘ഹെറോൺ’ ഡ്രോണുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment