സ്വപ്‌നയുടെ ലോക്കറുകള്‍ പരിശോധിക്കുന്നു; ആറ് ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും കണ്ടെടുത്തു

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കു വന്‍ സാമ്പത്തിക നിക്ഷേപവും രഹസ്യ ബാങ്ക് ലോക്കറുകളുമുണ്ടെന്നും അവ കണ്ടെത്തി പരിശോധന തുടങ്ങിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും അന്വേഷണസംഘം ബോധിപ്പിച്ചു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കുറ്റസമ്മത മൊഴികള്‍ അടങ്ങുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം പറയുന്നത്.

രഹസ്യവിവരങ്ങളുമായി സ്വപ്നയുടെ 6 ഫോണുകളും 2 ലാപ്‌ടോപ്പുകളും കണ്ടെത്തി. ഫെയ്‌സ് ലോക്കുള്ള 2 ഫോണുകളില്‍ നിന്നു ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചു. മായ്ച്ചുകളഞ്ഞ സന്ദേശങ്ങള്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.

ദേശവിരുദ്ധ ബന്ധമുള്ള കെ.ടി. റമീസാണു സൂത്രധാരന്‍. വിദേശബന്ധങ്ങളുള്ള ഇയാള്‍ക്കു വേറെയും സ്വര്‍ണക്കടത്തു ശൃംഖലകളുണ്ട്. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടരും. ലോക്ഡൗണ്‍ കാലത്തു നയതന്ത്ര ചാനല്‍ വഴി പരമാവധി സ്വര്‍ണം ഇന്ത്യയിലെത്തിക്കണമെന്നു നിര്‍ദേശിച്ചതും ഒത്താശ ചെയ്തതും റമീസാണ്.

ഈ സ്വര്‍ണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചതിന്റെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള അറിയിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ പ്രതികൂല പരാമര്‍ശങ്ങളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല.

FOLLOW US: pathram online

pathram:
Leave a Comment