മായാനദി എന്റെ പണം ചിലവഴിച്ച് നിർമിച്ച സിനിമ: വ്യാജ വാർത്തകൾക്കെതിരെ സന്തോഷ് ടി കുരുവിള

സമൂഹമാധ്യമങ്ങളിലെ ചില കോണുകളിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ നിശിതമായി വിമർശിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. മായാനദി എന്ന സിനിമ പൂർണ്ണമായ‌ും തന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് നിർമിച്ച സിനിമയാണെന്നും തന്റെ ബിനാമി താൻ മാത്രമാണെന്നും സന്തോഷ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരമാണ്.

ഒരു പ്രവാസി വ്യവസായിയായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ. നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച മായാനദി എന്ന ചിത്രത്തിന്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു. എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും, ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?

മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എന്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. ഈ പടത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്. പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ ! പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിക്ക് മായാനദി എന്ന എന്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ.

ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല ? ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക.

ഞാനൊരു വ്യവസായിയാണ്, നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്.

പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ്. വിനോദ വ്യവസായത്തിൽ തുടർന്നും എന്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും. ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ്. വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,. കൊറോണ പടർത്താതിരിയ്ക്കുക. സുരക്ഷിതരായിരിയ്ക്കുക.

മൂൺഷോട്ട് എന്റർടെയിൻമെന്റ്സ് എന്ന നിർമാണ കമ്പനിയുടെ ഉടമയായ സന്തോഷ് ടി. കുരുവിള നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ അദ്ദേഹം നിർമിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ വൻ വിജയമാണ് ബോക്സ് ഒാഫിസിൽ നേടിയത്.

സന്തോഷ് ടി കുരുവിള

pathram desk 1:
Related Post
Leave a Comment