വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ആശങ്ക വേണ്ട; പ്രചരിക്കുന്നത് മറ്റൊരു സ്‌കൂളിന്റെ ചിത്രമെന്ന് മന്ത്രി

കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ടു കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ കുട്ടി നിരീക്ഷണത്തിലായിരുന്നതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷയെഴുതിയത്.

തൈക്കാട് സെന്ററില്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയോടൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ള കുട്ടികള്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാന്‍ സാധ്യത ഇല്ലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആശങ്കപെടേണ്ട സാഹചര്യമില്ല.

വസ്തുതകള്‍ ഇങ്ങനെ ആണെന്നിരിക്കെ, തിരുവനന്തപുരം നഗരത്തിലെ മറ്റൊരു പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ വശത്തെ കവാടത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി സാമൂഹിക അകലം വേണ്ടത്ര പാലിക്കാതെ രക്ഷിതാക്കളും കുട്ടികളും പുറത്തേക്ക് വരുന്ന ചിത്രം ഉപയോഗിച്ച് സമൂഹത്തില്‍ ഭീതി പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന കൂട്ടത്തില്‍ പെട്ടവരാണ് അവര്‍. നാട്ടില്‍ രോഗവ്യാപനം നടന്നിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആത്മനിര്‍വൃതിയടയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. അവരുടെ അധമമായ ചിന്താഗതിയും, ദുഷ്പ്രചാരണവും പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.

pathram:
Related Post
Leave a Comment