പെണ്‍മക്കളോടൊപ്പം യാത്രചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചിട്ടു

ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ചിട്ടു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രണ്ട് പെണ്‍മക്കളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിക്രം ജോഷി എന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണവും വെടിവെപ്പും നടന്നത്. തലക്ക് വെടിയേറ്റ വിക്രം ജോഷിയെ അതീവ ഗുരുതരാവസ്ഥയില്‍ ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാനപ്രതിയടക്കം അക്രമം നടത്തിയ അഞ്ചു പേരേയും അറസ്റ്റ് ചെയിതിട്ടുണ്ടെന്നും ഇവര്‍ ജോഷിയുടെ കുടുംബത്തിന് അറിയാവുന്നവരാണെന്നും പോലീസ് അറിയിച്ചു. ഗാസിയാബാദിലെ വിജയ്‌ നഗര്‍ റോഡില്‍വെച്ചാണ് ആക്രമണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഓടിക്കൊണ്ടിരുന്ന ബൈക്കിനെ ഒരു സംഘം വളഞ്ഞിട്ട് തടയുകയും അക്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. വെടിവെക്കുന്നതിന്റെ ദൃശ്യം വീഡിയോയില്‍ അവ്യക്തമാണ്. അക്രമകാരികള്‍ ജോഷിയെ കാറിലേക്ക് വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും സംഭവ സ്ഥലത്ത് നിന്ന് ഓടിമറയുന്നതും കാണാം.

പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിനായി പെണ്‍കുട്ടികള്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതായും ദൃശ്യത്തിലുണ്ട്‌. തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് ആക്രമണം നടന്നത്. തന്റെ മരുമകളെ ഒരു സംഘം അക്രമിച്ചതായി കാണിച്ച് വിക്രം ജോഷി അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment