തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി പുറത്ത്. കോണ്‍സുലേറ്റിലേക്ക് പല തവണ ബാഗുകള്‍ വാങ്ങി നല്‍കിയിരുന്നെന്ന് ജയഘോഷ് എന്‍ഐഎയോട് പറഞ്ഞു.
ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞിരുന്നില്ല. സരിത്തിനൊപ്പം കോണ്‍സുലേറ്റ് വാഹനത്തിലാണ് താന്‍ വിമാനത്താവളത്തില്‍ പോയിരുന്നത്. സ്വര്‍ണക്കടത്ത് വാര്‍ത്തയറിഞ്ഞപ്പോഴാണ് പ്രതികളെ വിളിച്ചതെന്നും ജയഘോഷ് പറഞ്ഞു. അതേസമയം ജയഘോഷിന്റെ മൊഴിയും ഫോണ്‍കോള്‍ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സ്വര്‍ണമടങ്ങിയ ബാഗ് പല തവണ ജയഘോഷ് കൊണ്ടുപോയെന്നും എന്‍ഐഎ വ്യക്തമാക്കി. ജയഘോഷിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.
അതിനിടെ ജയഘോഷിന്റെ നിയമനത്തില്‍ ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു. 2020 ജനുവരി 8നാണ് ജയഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയത്. ഡിജിപിയുടെ ഉത്തരവിലൂടെ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടുകയായിരുന്നു. ജയഘോഷിന്റെ നിയമന ഉത്തരവടക്കം പാലീസ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ജയഘോഷിന്റെ നിയമനത്തിലും കാലാവധി നീട്ടലിലും ചട്ടലംഘനമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയില്ലെന്നും ആരോപണമുണ്ട്.
FOLLOW US: pathram online
Leave a Comment