സുശാന്തിന്റെ കാമുകി, റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു ഭീഷണി; 2 പേര്‍ക്കെതിരെ പൊലീസ് നടപടി

മുംബൈ: ജീവനൊടുക്കിയ നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകി, നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ 2 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്!മഹത്യയ്ക്കു പിന്നില്‍ റിയ ചക്രവര്‍ത്തിക്കു പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയും പ്രചാരണവും. ഇന്‍സ്റ്റഗ്രാം വഴി ഭീഷണി മുഴക്കിയ 2 പേര്‍ക്ക് എതിരെയാണു നടപടി.

പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും മഹാരാഷ്ട്ര സൈബര്‍ സെല്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അശ്ലീല, ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റിയ ചക്രവര്‍ത്തി സംഭവം അന്വേഷിക്കണമെന്നു സൈബര്‍ പൊലീസിനോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണു നടപടി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നും റിയ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കേസ് അന്വേഷിക്കാന്‍ മുംബൈ പൊലീസ് പ്രാപ്തരാണെന്നു സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. സുശാന്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തുമ്പുണ്ടാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 35 പേരെ ചോദ്യം ചെയ്ത പൊലീസ്, ഫൊറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment