സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. ഈ സര്‍ക്കാരിന് ഒരുകാലത്തും പ്രതിച്ഛായ ഉണ്ടായിരുന്നില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നശിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി സെക്രട്ടറിയും ഐടി ഫെലോയും ചേര്‍ന്ന് കള്ളക്കടത്തിന് ഒത്താശചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. നാല് വര്‍ഷമായി ഐടി സെക്രട്ടറിയായിരുന്ന വ്യക്തിയെക്കുറിച്ചും രണ്ടു വര്‍ഷമായി ഐടി ഫെലോ ആയിരുന്ന വ്യക്തിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല എന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സര്‍ക്കാരിന് ഒരിക്കലും പ്രതിച്ഛായയുണ്ടായിരുന്നില്ല. പിആര്‍ വര്‍ക്കിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രതിച്ഛായയുണ്ടാകേണ്ടത്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.

കണ്‍സള്‍ട്ടന്‍സി രാജാണ് കേരളത്തില്‍ നടക്കുന്നത്. മൂന്ന് കെപിഎംജി, പിഡബ്ല്യു സി, ഏണസ്റ്റ് ആന്‍ഡ് യങ് എന്നിങ്ങനെയുള്ള ബഹുരാഷ്ട്ര കമ്പനികളെയാണ് കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തിയത്. വഴിവിട്ട നിലയില്‍ ഇത്തരം കമ്പനികള്‍ക്ക് മുഖ്യമന്ത്രി സഹായം ചെയ്യുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിന് ടെന്‍ഡര്‍ പോലുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്‍കി. ഇത് വന്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ്. പ്രതിപക്ഷം അത് ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാന്‍ തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു കണ്‍സള്‍ട്ടന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കൊച്ചി മെട്രോയ്ക്ക് ഡിഎംആര്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

follow us: pathram online latest news

pathram:
Related Post
Leave a Comment