ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നല്‍കിയ ഗുളികകള്‍ ; കുട്ടിക്കാലം മുതല്‍ സൂരജ് ഉപയോഗിച്ചിരുന്നത്‌

കൊട്ടാരക്കര: യെഉത്ര കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും പാരസെറ്റാമോളും കൂടുതൽ അളവിൽ പൊടിച്ചു ജ്യൂസിൽ കലക്കി നൽകിയിരുന്നു. രാസപരിശോധനയിൽ ഉത്രയുടെ ആന്തരികാവയവങ്ങളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തി. ഗുളികകൾ നൽകി ഉത്ര മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണു മൂർഖനെക്കൊണ്ടു കടിപ്പിച്ചത്.

സംഭവത്തിൽ ഡോക്ടറുടെയും മരുന്നുകട ഉടമയുടെയും മൊഴികളാണു നിർണായകമായത്. അഞ്ചാം ക്ലാസ് മുതൽ സൂരജ് അലർജിക്കു ഗുളികകൾ കഴിച്ചിരുന്നു. ഉത്രയെ കൊലപ്പെടുത്തുന്നതിനു തലേദിവസങ്ങളിൽ പതിവിലും കൂടുതൽ ഗുളികകൾ കടയിൽനിന്നു സൂരജ് വാങ്ങി. ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പുകൾ കണ്ടെത്തിയതാണു പൊലീസിൽ സംശയം ജനിപ്പിച്ചത്. ഉത്രയുടെ മരുന്നുകളുടെ കുറിപ്പടിയിൽ അലർജിയുടെ ഗുളിക ഇല്ലാത്തതു സംശയം വർധിപ്പിച്ചു. സൂരജ് കുട്ടിക്കാലം മുതൽ ചികിത്സ തേടിയിരുന്ന ഡോക്ടറെ കണ്ടപ്പോഴാണു വിവരം ലഭിച്ചത്.

വൻതോതിൽ അലർജി ഗുളികകൾ ഉത്രയ്ക്കു നൽകിയതായി ചോദ്യംചെയ്യലിൽ സൂരജ് സമ്മതിച്ചു. മരുന്നുകടയിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു. കേസിൽ ഫൊറൻസിക് പരിശോധനാ ഫലം 25നു ലഭിക്കുമെന്നാണു വിവരം. ഇതോടെ കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയാകും. സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി വീണ്ടും എടുക്കും. കേസിൽ 102 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നതിൽ തീരുമാനം അടുത്ത ആഴ്ച ഉണ്ടാകും. 21നു കോടതി കേസ് പരിഗണിക്കും.

FOLLOW US PATHRAMONLINE

pathram desk 1:
Related Post
Leave a Comment