രഞ്ജി പണിക്കരുടെ തിരക്കഥ, സുരേഷ് ഗോപി നായകന്‍ ; അല്ലെങ്കില്‍ തന്റെ ജീവിതം സിനിമയാക്കേണ്ടെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍

രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കിയില്ലെങ്കില്‍ തന്റെ ജീവിതം സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന് പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കുറുവച്ചന്‍ നടത്തിയ നിയമ പോരാട്ടം ആസ്പദമാക്കി രണ്ട് ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്.

സ്വന്തം ജീവിതം സിനിമയാകുന്നതില്‍ കുറുവച്ചന് സന്തോഷമേയുള്ളൂ. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. ഈ വാശിയുടെ കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുത്ത വാക്കിന് കുറുവച്ചന്‍ ഇന്നും വില കല്‍പ്പിക്കുന്നു എന്നതാണ്. വെള്ളിത്തിരയില്‍ സ്വന്തം വേഷം പകര്‍ത്തിയാടാന്‍ ഒരേയൊരാള്‍ മാത്രമാണ് കുറുവച്ചന്റെ മനസ്സിലുള്ളത്. അത് സാക്ഷാല്‍ സുരേഷ് ഗോപിയാണ്.

ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായി കുറുവച്ചന്‍ നടത്തിയ നിയമപോരാട്ടമാണ് പ്രഖ്യാപിച്ച രണ്ട് ചിത്രങ്ങളുടെയും കഥാസാരം. അനുവാദമില്ലാതെ തന്റെ ജീവിതം സിനിമയാക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നാണ് പ്രഖ്യാപനം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയും, സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന സിനിമയുമാണ് ഇതോടെ പ്രതിസന്ധിയിലായത്.

പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. പൃഥ്വിരാജ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പകര്‍പ്പവകാശം ലംഘിച്ച് സുരേഷ് ഗോപിയെ നായകനാക്കി അനൗണ്‍സ് ചെയ്ത കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രം ഹൈക്കോടതി വിലക്കിയിരുന്നു. ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പാണ് സിനിമ ചിത്രീകരണം തുടങ്ങുമെന്ന് കടുവ ടീം അറിയിച്ചത്.

സുരേഷ്‌ഗോപിയുടെ 250 ാം ചിത്രമെന്ന നിലയിലായിരുന്നു കടുവാക്കുന്നേല്‍ കുറുവച്ചന്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുവയുടെ തിരക്കഥാകൃത്തായ ജിനു ഏബ്രഹാം ആണ് കോടതിയെ സമീപിക്കുകയായിരുന്നു. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് സ്വന്തമാക്കി എന്നാണ് ആരോപണം. ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ.

follow us pathramonline

pathram:
Leave a Comment