കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ബുധനാഴ്ച കൊച്ചി വൈപ്പിനില്‍ പനി ബാധിച്ച് മരിച്ച കന്യാസ്ത്രീക്കും തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സി.ക്ലെയറി (73), ഇരിങ്ങാലക്കുട സ്വദേശി അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ പരേതനായ ദിവാകരന്റെ മകന്‍ ഷിജു (46) എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ച പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കന്യാസ്ത്രീ രാത്രി മരണമടയുകയായിരുന്നു. ഇതോടെ ജില്ലയിലെ കൊവിഡ് മരണം അഞ്ചായി. സംസ്ഥാനത്ത് 40 പേരും.
സി.ക്ലെയറിന് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ മഠത്തിന് പുറത്തേക്ക് പോയിരുന്നില്ല. കന്യാസ്ത്രീയുടെ മരണത്തോടെ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും മഠത്തിലെ കന്യാസ്ത്രീയടക്കം 17 പേരെയും നിരീക്ഷണത്തിലാക്കി.
മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഷിജുവിനില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഷിജുവിന് കൊവിഡ് ബാധിച്ചതെന്ന് കരുതുന്നു. ഷിജുവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 30 പേരുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.
അതിനിടെ, കോട്ടയം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ട് ചുമട്ടുതൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജെന്‍ ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ക്കില്‍ 48 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇവര്‍ക്കും എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. മാര്‍ക്കറ്റ് അടച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവിടെ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ളവരോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂട്ടിരിപ്പുകാര്‍ നിര്‍ബന്ധിച്ചതോടെ സാംപിള്‍ ടെസ്റ്റു നടത്തുകയായിരുന്നൂ. അതേസമയം, കൂട്ടിരിപ്പുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതാണ് രോഗം പടരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
follow us pathramonline
Leave a Comment