ഗണ്‍മാനെ കാണാതായതില്‍ ദുരൂഹം: ഇന്നലെ വൈകീട്ട് 7ന് വന്ന ഫോണ്‍ കോള്‍ ആരുടെ? സംസാരിക്കാന്‍ പുറത്തേയ്ക്കിറങ്ങി രണ്ടുമിനിറ്റനകം ജയഘോഷിനെ കാണാതായതിന്റെ ഞെട്ടലില്‍ കുടുംബം

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിന് ഫോണ്‍ വിളിയെത്തുന്നത് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ. കുടുംബ വീട്ടില്‍ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതായതിന്റെ ഞെട്ടലിലാണ് കുടുംബം. തനിക്ക് ഭീഷണിയുണ്ടെന്നു ജയഘോഷ് കുടുംബത്തോടു പറഞ്ഞിരുന്നതിനാല്‍ കുടുംബം ഉടനെ തുമ്പ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.

പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വിച്ച് ഓഫായ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കുടുംബവീടിന്റെ പരിസരമാണ്. അവസാനം വിളിച്ചതു സഹപ്രവര്‍ത്തകനെയും. ഇദ്ദേഹത്തിന്റെ മൊഴി എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡോഗ് സ്‌ക്വാഡ് വീട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. ജയഘോഷിന്റെ ഫോണിലെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

മൂന്നു വര്‍ഷത്തോളമായി ജയഘോഷ് കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായി ജോലി ചെയ്യുകയാണ്. കോണ്‍സല്‍ ജനറല്‍ നാട്ടിലേക്കു പോയശേഷം അറ്റാഷേക്കായിരുന്നു ചുമതല. കോണ്‍സല്‍ ജനറല്‍ ഇല്ലാത്തതിനാല്‍ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നശേഷം അസ്വസ്ഥനായിരുന്നു. തന്നെയും കുടുക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കളോടു പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരില്‍ ചിലര്‍ സ്വര്‍ണക്കടത്തുകേസിന്റെ പേരില്‍ കളിയാക്കിയതും ജയഘോഷിനെ വിഷമിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ആരോടും മിണ്ടാതെ പേരൂര്‍ക്കടയിലെ വീട്ടില്‍ കഴിച്ചുകൂട്ടി.

ജോലിക്കു പോകാതിരുന്നാല്‍ സര്‍വീസ് പിസ്റ്റല്‍ തിരികെ നല്‍കണം. ജോലിക്കു പോകാത്ത മനോവിഷമത്തില്‍ കഴിയുന്ന വിവരം എആര്‍ ക്യാംപില്‍ അറിഞ്ഞതിനെത്തുര്‍ന്ന് ജയഘോഷിനെ ക്യാംപിലേക്കു കൊണ്ടുവന്നു. ‘അമ്മയെ കാണണം എന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരുടെ സംരക്ഷണയില്‍ കുട്ടികളെയും ഭാര്യയെയും കൂട്ടി എആര്‍ ക്യാംപിലെത്തി പിസ്റ്റല്‍ തിരികെ നല്‍കി. പിന്നീട് പൊലീസ് സംരക്ഷണയില്‍ കുടുംബവീട്ടില്‍ എത്തി. 7 മണിക്കുശേഷമാണ് ഫോണ്‍ കോള്‍ വരുന്നത്. പുറത്തോട്ടിറങ്ങി രണ്ടു മിനിട്ടിനകം കാണാതായി’– സഹോദരീ ഭര്‍ത്താവ് പറയുന്നു.

മൂന്നു ദിവസം മുന്‍പ് എആര്‍ ക്യാംപിലേക്കു പോയിട്ടു വരുന്ന വഴിക്കു രണ്ടുപേര്‍ ബൈക്കില്‍ വന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. ‘നീ എത്രനാള്‍ പുറത്തിറങ്ങാതെ ഇരിക്കും വെളിയിലിറങ്ങ് കാണിച്ചു തരാം’ എന്നായിരുന്നു ഭീഷണി. അതിനുശേഷം ജയഘോഷ് സമ്മര്‍ദത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ സരിത്തും സ്വപ്നയും ജയഘോഷിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് അറ്റാഷേയുടെ വാഹനം തടഞ്ഞപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥനാണെന്ന് ഫോര്‍ട്ട് സ്‌റ്റേഷനില്‍ അറിയിച്ചത് ജയഘോഷാണ്. ജയഘോഷിനു സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുള്ളതിനു നിലവില്‍ സൂചനകളൊന്നുമില്ല. എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കാനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറയുന്നു. സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയാണെങ്കില്‍ ഔദ്യോഗികമായി അറിയിക്കും.

follow us pathramonline

pathram:
Leave a Comment