വാക്‌സിന്‍ ഗവേഷണങ്ങള്‍ തട്ടിയെടുക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍; മുന്നറിയിപ്പുമായി സർക്കാരുകൾ

ഹൂസ്റ്റണ്‍ • കൊറോണ വൈറസ് വാക്‌സിന്‍ ഗവേഷണം മോഷ്ടിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ വ്യാഴാഴ്ച ആരോപിച്ചു. സൈബര്‍ യുദ്ധങ്ങളിലും മോസ്‌കോയും പടിഞ്ഞാറും തമ്മിലുള്ള രഹസ്യാന്വേഷണ പോരാട്ടങ്ങളില്‍ അപകടകരമായ ഒരു പുതിയ മുന്നണി തുറക്കുന്നതായാണ് സൂചനകള്‍. കൊറോണ വൈറസ് സൃഷ്ടിച്ച കുഴപ്പങ്ങള്‍ മുതലെടുത്ത് കോക്‌സി ബിയര്‍ എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പായ എപിടി 29, വാക്‌സിന്‍ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ആരോഗ്യസംരക്ഷണ സംഘടനകളെ ലക്ഷ്യമിടുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഇതിനു മാല്‍വെയറുകള്‍ അടക്കം രംഗത്തിറക്കി കഴിഞ്ഞു.

കോവിഡ് 19 നെതിരെ വാക്‌സിനുകള്‍ ഗവേഷണം നടത്തുന്ന ബ്രിട്ടീഷ്, കനേഡിയന്‍, അമേരിക്കന്‍ സംഘടനകളെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. ഗവേഷണ നെറ്റ്‌വര്‍ക്കിലേക്ക് കടക്കാന്‍ ഹാക്കര്‍മാര്‍ സ്പിയര്‍ ഫിഷിംഗും മാല്‍വെയറും വ്യാപകമായി പയോഗിക്കുന്നു. ‘കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയുള്ള നിന്ദ്യമായ ഈ ആക്രമണങ്ങളെ അപലപിക്കുന്നു,’ ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ ഡയറക്ടര്‍ പോള്‍ ചിചെസ്റ്റര്‍ പറഞ്ഞു.

റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വിപുലമായ ഹാക്കിംഗ് ഗ്രൂപ്പുകളിലൊന്നാണ് കോസി ബിയര്‍. 2016 ലെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ഹാക്കിംഗില്‍ ഫാന്‍സി ബിയര്‍ ഗ്രൂപ്പിനൊപ്പം ഇവരും ഉള്‍പ്പെട്ടിരുന്നു. രഹസ്യാന്വേഷണ നേട്ടത്തിനായി സര്‍ക്കാര്‍, നയതന്ത്ര, ആരോഗ്യ പരിരക്ഷ, ഊര്‍ജ്ജ സംഘടനകള്‍ എന്നിവയെ ലക്ഷ്യമിട്ട ചരിത്രമാണ് എപിടി 29 ന് ഉള്ളത്. അതിനാല്‍ ഈ ഭീഷണി ഗൗരവമായി എടുക്കണമെന്ന് എന്‍എസ്എയുടെ സൈബര്‍ സുരക്ഷ ഡയറക്ടര്‍ ആന്‍ ന്യൂബെര്‍ജര്‍ പറഞ്ഞു. കോസി ബിയര്‍ മിക്കവാറും റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമാണെന്ന് ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ പറഞ്ഞു.

pathram desk 1:
Leave a Comment