സ്വര്‍ണം പിടിച്ച ശേഷവും 5 ദിവസം സ്വപ്ന കേരളത്തിൽ തന്നെ; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ

സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വർണം പിടിച്ച് അഞ്ചാംദിവസം. സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ അന്വേഷണ ഏജന്‍സികൾ വലയുമ്പോഴാണ് മൂക്കിന്‍തുമ്പിനു മുന്നിലൂടെയുള്ള യാത്ര.

വഴിനീളെ പൊലീസ് പരിശോധനയും ക്യാമറയുമൊക്കെയുണ്ടെങ്കിലും ഇവരൊന്നും സ്വപ്നയേയും സംഘത്തേയും കണ്ടില്ല.
റജിസ്ട്രേഷൻ നമ്പര്‍ കെഎല്‍01 സിജെ 1981. ഈ കാറിലായിരുന്നു സ്വപ്നയുടെയും സന്ദീപന്റെയും യാത്ര. ഒന്‍പതിന് ഉച്ചക്ക് 12.22 ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ഇതേവാഹനം വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്ളാസയില്‍ എത്തി. പട്ടാപ്പകല്‍ ഈ ദൂരമത്രയും പ്രതികള്‍ കുടുംബസമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ല. കാടിളക്കി അന്വേഷണ ഏജന്‍സികളുടെ തിരച്ചില്‍ നാടൊട്ടുക്ക് നടക്കുമ്പോഴും ആരും കണ്ടതുമില്ല, തിരിച്ചറിഞ്ഞതുമില്ല.

ഒളിവില്‍പോകാന്‍ ഉന്നതതലങ്ങളില്‍ നിന്നുള്ള സഹായം സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ലഭിച്ചിരുന്നുവെന്ന സംശയം ബലപ്പെടുന്നതാണിത്. പ്രതികളുടെ യാത്രയ്ക്ക് സഹായം ചെയ്തവരും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ട്.

Follow us on pathram online

pathram desk 2:
Leave a Comment