തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ടു മന്ത്രി കെ.ടി. ജലീല്‍ അങ്ങോട്ടു വിളിച്ചെങ്കില്‍ അതു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ ലംഘനം.
1000 കിറ്റുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ ചെലവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നു സംഘടിപ്പിച്ചു 2 പഞ്ചായത്തുകളില്‍ വിതരണം ചെയ്‌തെന്നും അതിനാണു താന്‍ സ്വപ്ന സുരേഷിനെ വിളിച്ചതെന്നുമാണു കഴിഞ്ഞ ദിവസം ജലീല്‍ വെളിപ്പെടുത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിന്റെ 18–ാം അധ്യായത്തില്‍, വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങള്‍ താല്‍ക്കാലിക വിഷയങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായി ബന്ധം സ്ഥാപിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അധ്യായത്തിലും നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്നു.
സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കില്‍ ഫോറിന്‍ കറന്‍സി റഗുലേഷന്‍ ആക്ടിനു വിധേയമായിരിക്കണം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണം. സംസ്ഥാന മന്ത്രിമാര്‍ പദവിയുടെ അന്തസ്സ് പാലിക്കണമെന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കു സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണു ബന്ധപ്പെടേണ്ടത്. വ്യക്തിപരമായി വിളിച്ചു സാധനങ്ങള്‍ ആവശ്യപ്പെടുന്നതു ശരിയായ കീഴ്‌വഴക്കമല്ല.
വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇടപെടുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇതെല്ലാം പാലിച്ചാണോ ജലീല്‍ കോണ്‍സുലേറ്റുമായും സ്വപ്ന സുരേഷുമായും ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കേണ്ടി വരും.
follow us pathramonline
Leave a Comment