പത്ത് വയസ്സുകാരന്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് വെറും 30 സെക്കന്‍ഡുകൊണ്ട്

ആരെയും ഞെട്ടിക്കുന്ന ഒരുമോഷണ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പത്ത് വയസ്സുകാരന്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്‍ഡുകൊണ്ട്. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് സംഭവം. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടാക്കാത്തവിധമായിരുന്നു പത്തുവയസ്സുകാരന്റെ ‘ഓപ്പറേഷന്‍’.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തെക്കുറിച്ച് വ്യക്തമായത്. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി രാവിലെ 11 മണിയോടെ ബാങ്കിലെത്തി. കാഷ്യര്‍ ക്യാബിനില്‍നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെ കുട്ടി ക്യാബിനിനകത്തേക്ക് കടന്നു. നോട്ടുകെട്ടുകള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിക്ഷേപിച്ച് കുട്ടി ദ്രുതഗതിയില്‍ പുറത്തേക്ക് പോയി. 30 സെക്കന്റുകള്‍ കൊണ്ടാണ് ഇത്രയും സംഭവിച്ചത്.

കുട്ടി പുറത്തെത്തി ഓടാന്‍ തുടങ്ങിയപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് കാര്യം മനസിലായത്. ഇയാള്‍ പിന്നാലെ ഓടിയെങ്കിലും കുട്ടിയെ പിടികൂടാന്‍ സാധിച്ചില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടി മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. 20 കാരനായ ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ഉണ്ടായിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി. കുട്ടി ഉടനെ കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നുകളഞ്ഞു. തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഉപഭോക്താക്കള്‍ കുട്ടിയെ കണ്ടില്ല.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്തിട്ടുണ്ട്. കുട്ടിയെ ഉപയോഗിച്ച് പണം തട്ടിയതിന് പിന്നില്‍ വന്‍സംഘം തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7