മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരാളെ സസ്പെൻഡ് ചെയ്യണമെങ്കിൽ വസ്തുതകൾ വേണം. ചട്ടങ്ങൾ അനുസരിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാൽ കർശന നടപടിയെടുക്കും. നാളെ അങ്ങനെ ഉണ്ടായിക്കൂടെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ചിലരിലേക്ക് എത്തും. കേസിൽ ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വർധിക്കുന്നുണ്ട്. അത് ആരുടേതൊക്കെയാണെന്നു കണ്ടറിയാം. ഇപ്പോൾ എന്‍ഐഎ പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോർട്ട് വന്നശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജലീൽ ബന്ധപ്പെട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നൽകി. ഔദ്യോഗിക ആവശ്യത്തിനു മന്ത്രി കോൺസുലേറ്റ് ജനറലുമായി സംസാരിച്ചിരുന്നു. അവിടെനിന്ന് ഈ സ്ത്രീയെ ബന്ധപ്പെടാൻ പറഞ്ഞ് മൊബൈൽ നമ്പർ എസ്എംഎസായി അയച്ചു കൊടുത്തു. തുടർന്നാണ് അദ്ദേഹം അവരെ ഫോണിൽ വിളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്.
നേരത്തെ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.
ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
follow us: PATHRAM ONLINE
Leave a Comment