ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കും

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം ശരിയായ വിധത്തിലുള്ളതാണോ എന്ന് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ ഒരു പ്രശ്‌നം ഉണ്ടെന്നു കണ്ടാല്‍ ഒരു കാലതാമസവും ഇല്ലാതെ നടപടിയുണ്ടാകും. സംശയകരമായ സാഹചര്യം ഉണ്ടായാല്‍ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌നയും ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ വെറും കഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു റിപ്പോര്‍ട്ട് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തും പറയാന്‍ നാക്കിന് ശക്തിയുള്ള ചിലരുണ്ട്. അവരാണ് ആരോപണത്തിനു പിന്നിലെന്ന് കെടി ജലീലുമായി സ്വപ്‌ന നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യത്തിനാണ് സംഭാഷണം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ട്. അന്വേഷണം ചിലരിലേയ്‌ക്കെത്തിച്ചേരും. അത് ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കും. ആരുടെയൊക്കെയാണ് നെഞ്ചിടിപ്പ് വര്‍ധിക്കുകയെന്ന് നമുക്ക് കണ്ടറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US: pathram online

pathram:
Related Post
Leave a Comment