കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് സമരം നടത്തിയാല്‍ കര്‍ശന നടപടി

പത്തനംതിട്ട: നിയമപരമായി സമരങ്ങളും മാര്‍ച്ചുകളും മറ്റും നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് നടത്തിയാല്‍ കര്‍ശനമായ നിയമനടപടി കൈക്കൊള്ളുന്നതായിരിക്കും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ സമരങ്ങളും പ്രകടനങ്ങളും നടത്താവൂ എന്നുകാണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയാലും, പലപ്പോഴും അതു പാലിക്കപ്പെട്ടു കാണുന്നില്ല. സമരക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കുക എന്നത് ഈ കോവിഡ് ബാധ കാലത്തു അനിവാര്യമാണ്. സമരക്കാര്‍ സാമൂഹിക അകലം പാലിക്കാതെയും നിയന്ത്രണങ്ങള്‍ ലംഘിച്ചും പൊതുനിരത്തുകളില്‍ ഇറങ്ങി പ്രകടനങ്ങളും മറ്റും നടത്തുന്നതു കാരണമുണ്ടാകുന്ന വീഴ്ചമൂലം പോലീസ് ഉദ്യോഗസ്ഥര്‍ക്കു രോഗബാധയുണ്ടായാല്‍, ഡ്യൂട്ടി തടസപ്പെടുത്തുന്നതിനു സാധാരണ കേസെടുക്കുന്ന സമയങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇടുന്ന വകുപ്പുകള്‍ക്കുപുറമെ മറ്റു ഐ പി സി വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യും.

ഇതുസംബന്ധിച്ച വിവരങ്ങള്‍ കാണിച്ച്, സമരങ്ങള്‍ ആഹ്വാനം ചെയ്യുന്ന ഉത്തരവാദപ്പെട്ട നേതൃത്വത്തിന് നോട്ടീസ് നല്‍കാന്‍ ജില്ലയിലെ എസ് എച്ച് ഒമാര്‍ക്കു നിര്‍ദേശം നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. കോവിഡ് ബാധ സമ്പര്‍ക്കത്തിലൂടെ പടര്‍ന്നുപിടിക്കുകയോ മറ്റു് അനിഷ്ടസംഭവങ്ങളുണ്ടാവുകയോ ചെയ്യുന്നപക്ഷം നോട്ടീസ് കൈപ്പറ്റുന്ന നേതൃത്വവും, സമരങ്ങളില്‍ പങ്കെടുക്കുന്ന അണികളും ഉത്തരവാദികളികളായിരിക്കും.

നിലവിലെ സാഹചര്യം ഉള്‍ക്കൊള്ളാതെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പൊതുനിരത്തുകളില്‍ പ്രതിഷേധങ്ങളുടെ പേരില്‍ സംഘടിക്കുകയും പ്രകടനവും മറ്റും നടത്തുന്നവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുകയും, അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുകയും നോട്ടീസിലൂടെ സംഘടനകളുടെ നേതൃത്വത്തെ അറിയിക്കുകയും ചെയ്യും.

ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കണ്ടെയ്ന്‍മെന്റ് സോണുകള്‍ വ്യാപിക്കാനുള്ള സാധ്യത ഉള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കണ്ടെയ്ന്‍മെന്റ് മേഖലകളിലും, ഹോട്ട്‌സ്‌പോട്ടുകളിലും നിലവിലെ നിയന്ത്രണങ്ങള്‍ ആളുകള്‍ നിര്‍ബന്ധമായും പാലിക്കണം. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്റെ ഗൗരവം മനസിലാക്കി യാത്രകള്‍ ഒഴിവാക്കണം. പുറത്തിറങ്ങുന്നവര്‍ ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണം.

സാമൂഹിക വ്യാപനത്തിലേക്കു ജില്ല കടന്നുപോകാതിരിക്കുന്നതിനു കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കുകയാണ് ഏക പോംവഴി.

pathram:
Related Post
Leave a Comment