സ്വര്‍ണക്കടത്ത് കേസ് ; സ്വപ്‌നയും സന്ദീപും ഈ മാസം 21 വരെ കസ്റ്റഡിയില്‍; കഴിഞ്ഞ ദിവസം ദൃശ്യങ്ങളില്‍ കണ്ട ആള്‍ തന്നെയാണ് ഫൈസല്‍ ഫരീദ് എന്‍ഐഎ കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ സ്വര്‍ണം കടത്തിയിരിക്കുന്നതു രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ് എന്‍ഐഎ കോടതി ഒരാഴ്ചത്തേയ്ക്കു കസ്റ്റഡിയില്‍ നല്‍കിയത്. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ സീല്‍ ഉള്‍പ്പടെ നിര്‍മിച്ച് രേഖകള്‍ ഉണ്ടാക്കിയാണു സ്വര്‍ണം കയറ്റി അയച്ചിരിക്കുന്നത്. ഇതില്‍ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

നയതന്ത്ര ബാഗില്‍ സ്വര്‍ണം കയറ്റി അയച്ച ഫൈസല്‍ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ ന!ല്‍കി. എഫ്‌ഐആര്‍ തയാറാക്കിയപ്പോള്‍ ഫൈസല്‍ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റ് തിരുത്തുന്നതിനും അപേക്ഷ നല്‍കി. കസ്റ്റംസ് എഫ്‌ഐആര്‍ തയാറാക്കിയപ്പോള്‍ ഫാസില്‍ ഫരീദ്, റെസിഡന്റ് ഓഫ് എറണാകുളം എന്ന വിലാസമാണ് നല്‍കിയിരുന്നത്. ഈ തെറ്റ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയപ്പോഴും ആവര്‍ത്തിച്ചു. ഇത് തിരുത്തി ഫൈസല്‍ ഫരീദ്, മൂന്നു പീടിക, തൃശൂര്‍ എന്ന് മാറ്റുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസല്‍ ഫരീദ് എന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരി വയ്ക്കുന്നു. എന്നാല്‍ താന്‍ ഫൈസല്‍ ഫരീദ് ആണെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. സ്വര്‍ണം കടത്തി അയച്ച സംഭവത്തില്‍ ഫൈസല്‍ ഫരീദ് മാത്രമല്ല, വലിയ രാജ്യാന്തര സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര വിപണിയിലേയ്‌ക്കോ സ്വര്‍ണക്കടകള്‍ ലക്ഷ്യമിട്ടോ അല്ല ഇവര്‍ സ്വര്‍ണം കടത്തിയത് എന്നും കോടതിയെ അറിയിച്ചു. ഇതിനു മുമ്പ് രണ്ടു തവണ 9 കിലോയും 18 കിലോയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കോടതിയില്‍ അറിയിച്ചു.

ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാത്രിയോടെ ഇരുവര്‍ക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായതോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും 21 വരെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലേക്കു സ്വര്‍ണം കടത്തിയതിന്റെ കൂടുതല്‍ വിവരങ്ങളും ആര്‍ക്കൊക്കെ ബന്ധമുണ്ട് എന്നീ വിവരങ്ങളും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാകുമെന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment