പ്രതികള്‍ യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ഉണ്ടാക്കി; കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണ നിര്‍മാണത്തിനല്ല ഉപയോഗിക്കുന്നതെന്നും കണ്ടെത്തല്‍

സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍.ഐ.എ. സംഘം കോടതിയെ അറിയിച്ചു. അതിനിടെ, എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യു.എ.ഇ. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എന്‍.ഐ.എ. തിങ്കളാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. നയതന്ത്ര ബാഗേജിന്റെ പരിരക്ഷ ലഭിക്കാനായി പ്രതികള്‍ യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിര്‍മിച്ചെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. മാത്രമല്ല, കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണനിര്‍മാണത്തിനല്ല, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.

കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിന്റെ പേരും വിലാസവും തിരുത്താനും എന്‍.ഐ.എ. കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഫൈസല്‍ ഫരീദ്, കൊടുങ്ങല്ലൂര്‍ സ്വദേശി എന്നാക്കണമെന്നാണ് എന്‍.ഐ.എ. ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്ക് സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ മൂന്നാം പ്രതി ഫാസിൽ ഫരീദിന്റെ(36) കാര്യത്തിൽ ദുരൂഹതയേറി. ഇന്നലെ പേരും ചിത്രവും പുറത്തുവന്നതോടെ അതു താനല്ലെന്നായിരുന്നു ദുബായിൽ താമസിക്കുന്ന ഫൈസൽ ഫരീദ് മാധ്യമങ്ങളോടു പ്രതികരിച്ചത്. എന്നാൽ, സ്വർണം കടത്തിയ രേഖകളിൽ കാണുന്ന ഫോൺ നമ്പരും വിലാസവും ഇതേ വ്യക്തിയുടേത് തന്നെയാണെന്നത് സംശയമുന ഇയാളിലേക്കു വീണ്ടും നീളുന്നു.

‘ഫൈസൽ ഫരീദ്, പി.ഒ. ബോക്സ് 31456, വില്ല നമ്പർ 5, അൽ റാഷിദിയ്യ, ദുബായ്’ എന്നതാണ് രേഖകളിലെ വിലാസം. തന്റെ വിലാസം ഇതിൽ വന്ന കാര്യത്തിൽ ഫൈസൽ ഫരീദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസിൽ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസൽ ഫരീദിന്‍റെ ഇന്നലത്തെ പ്രതികരണം. യുഎഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല. ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ഈ വിലാസത്തിൽ ദുബായിൽ താമസിക്കുന്ന തൃശൂർ കൈപ്പമംഗലംകാരനായ ഫൈസൽ ദുബായിൽ തന്റെ ജോലികളുമായി മുന്നോട്ടുപോകുകയാണ്.

ഖിസൈസിൽ ആഡ‍ംബര ജിംനേഷ്യവും വിലകൂടിയ കാറുകളുടെ വർക് ഷോപ്പും ഇയാൾ നടത്തിവരുന്നു. എന്നാൽ, കെട്ടിട വാടക നൽകാത്തതിനാൽ കഴിഞ്ഞ മൂന്നാഴ്ചയായി വർക് ഷോപ്പ് തുറക്കുന്നില്ലെന്നാണ് ഇവിടുത്തെ ജീവനക്കാർ പറഞ്ഞത്. അതേസമയം, സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ഫൈസലിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനെ അന്വേഷണസംഘം വിളിച്ചെന്ന കാര്യം സമ്മതിക്കുന്ന ഫൈസൽ, എന്നാൽ താൻ ആരുമായും സംസാരിച്ചിട്ടില്ലെന്നാണ് പറയുന്നത്.

FOLLOW US: pathram online

pathram:
Leave a Comment