സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന് ‘പിണറായി ബ്യൂറോ’ ആയി മാറി; അംഗങ്ങൾ നനഞ്ഞ പൂച്ചകളെപ്പോലെയെന്ന് കൊടിക്കുന്നില്‍

സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന് ‘പിണറായി ബ്യൂറോ’ ആയി മാറിയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കിയ സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിസ്ഥാനത്തു വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മാറിനിൽക്കണമെന്ന് ഒരു വാക്ക് പോലും പറയാൻ ധൈര്യമില്ലാതെ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾ നനഞ്ഞ പൂച്ചകളെപ്പോലെ മൂലയ്ക്കൊതുങ്ങുന്ന പരിഹാസ്യമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പല്ലും നഖവും നഷ്ടപ്പെട്ട പൊളിറ്റ് ബ്യൂറോ ഇനിയെങ്കിലും പിണറായി വിജയനെ ഭയക്കാതെ സധൈര്യം അഭിമുഖീകരിക്കാനും രാജിവച്ചു മാറിനിൽക്കണമെന്നു പറയാനുള്ള ശേഷി സംഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടയുള്ളവർ കള്ളക്കടത്തു കേസിൽ ആരോപിതരാകുമ്പോൾ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇനിയും തൊടുന്യായങ്ങൾ നിരത്തി അധികാരത്തിൽ തുടരാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

കോളിളക്കം സൃഷ്ടിച്ച ഈ കള്ളക്കടത്തിന്റെ അന്വേഷണം നടക്കുമ്പോൾ പോലും ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് രണ്ടു കിലോയോളം സ്വർണം പിടികൂടിയെന്ന വാർത്ത, കേരളത്തെ കാർന്നുതിന്നുന്ന സാമൂഹ്യവിപത്തായി സ്വർണ്ണക്കള്ളക്കടത്ത്‌ മാറിയിരിക്കുവെന്നതിന്റെ തെളിവാണെന്നും, ഈ കുറ്റകൃത്യത്തിന്റെ അടിവേരറുക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും അടിയന്തരമായി സംസ്ഥാനത്ത് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment