ഒളിവില്‍ കഴിയുന്നതിനിടെ സന്ദീപ് ഫോണ്‍ വിളിച്ചിരുന്നതായി അമ്മ ഉഷ വെളിപ്പെടുത്തല്‍..എല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്നതിനിടെ സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് ഫോണ്‍ വിളിച്ചിരുന്നതായി അമ്മ ഉഷ വെളിപ്പെടുത്തി. മൂന്ന് ദിവസം മുന്‍പ് തന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞുപറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്നും പറഞ്ഞു. ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബര കാര്‍ വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും മാധ്യമങ്ങളെ അറിയിക്കണമെന്നു പറഞ്ഞതായും ഉഷ പറഞ്ഞു.

അതിനിടെ എന്‍ഐഎ അറസ്റ്റുചെയ്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. മൂന്നു ദിവസത്തേക്ക് എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത ഇരുവരും അങ്കമാലിയിലെയും തൃശൂരിലെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്.

ഇരുവരുടെയും കോവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കും. അതോടൊപ്പം എന്‍ഐഎയുടെ പത്തുദിവസത്തെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. സ്വപ്നയുടെയും സന്ദീപിന്റെ വീട്ടുകാരുടെയും മൊഴിയും രേഖപ്പെടുത്തും. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത കെ.ടി. റമീസിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment