സ്വപ്നയും സന്ദീപും ബെംഗളൂരുവിലേക്ക് കടന്നതിനു പിന്നിലെ കാരണം ഇതാണ്!‌

കൊച്ചി : സ്വപ്ന സുരേഷും സന്ദീപ് നായരും എന്തുകൊണ്ടാണു ബെംഗളൂരുവിലേക്കു കടന്നതെന്ന ചോദ്യത്തിന്മേൽ എൻഐഎ പിടിമുറുക്കുന്നു. രാഷ്ട്രീയം, സിനിമ, രാജ്യാന്തര കൺസൽറ്റൻസികൾ, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.

സ്വപ്ന കുടുംബസമേതം ബെംഗളൂരുവിലെത്തിയത് അവിടെയുള്ള സംരക്ഷകർ ഒരുക്കിയ സുരക്ഷാവലയത്തിലേക്കായിരുന്നു. എന്നാൽ, കേസ് എൻഐഎ ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബെംഗളൂരുവിൽ നിന്നു കടക്കാൻ കഴിയും മുൻപു പിടിയിലായി. യുഎഇ കോൺസുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്പേസ് പാർക്കിൽ നിയമിക്കപ്പെട്ടതിനു പിന്നിൽ സ്വാധീനം ചെലുത്തിയ ഏജൻസിയുടെ പ്രവർത്തനവും അന്വേഷണത്തിനു വിധേയമാകും. ആ ഏജൻസിയുടെ ദക്ഷിണേന്ത്യൻ ആസ്ഥാനമാണു ബെംഗളൂരു.

തെലങ്കാനയും കേരളവുമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സർക്കാർ പദ്ധതികളുടെ കൺസൽറ്റൻസി കരാർ നേടുന്ന സ്ഥാപനമാണിത്. കോടികളുടെ പദ്ധതികളാണ് മലയാളികൾ ഉന്നത ഉദ്യോഗസ്ഥരായുള്ള സ്ഥാപനത്തിനു സർക്കാരുകൾ നൽകിയിരുന്നത്. യുഎഇ കോൺസുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങൾക്കു സർക്കാർ കരാറുകൾ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവർത്തിച്ചെന്നാണു സൂചന.

ബെംഗളൂരുവിലെത്തിയാൽ ഈ മേഖലയിലുള്ളവർ സംരക്ഷിക്കുമെന്ന പ്രതീക്ഷ സ്വപ്നയ്ക്കുണ്ടായിരുന്നെന്ന് അന്വേഷകർ കരുതുന്നു. രക്ഷിക്കാമെന്ന ഉറപ്പ് ഇവർ നൽകിയിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഈ ഏജൻസികളുടെ ഓഫിസുകളും സ്വപ്ന പിടിയിലായ ഹോട്ടലും ഒരേ മേഖലയിലാണെന്നതും ഇത്തരത്തിലുള്ള സംശയങ്ങൾക്കു ബലം നൽകുന്നതാണ്. സ്വർണക്കടത്തുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ബെംഗളൂരുവിനു പ്രത്യേക സ്ഥാനമുണ്ട്. പതിറ്റാണ്ടുകളായി സ്വർണക്കടത്തു ലോബികളുടെ പ്രവർത്തനകേന്ദ്രമാണു ബെംഗളൂരു.

കേരളത്തിലേക്കുള്ള സ്വർണവും സ്വർണം വാങ്ങിയതോ വിറ്റതോ ആയ പണവും ബെംഗളൂരുവിലോ അവിടെനിന്നു കേരളത്തിലേക്കുള്ള വഴികളിലോ പിടികൂടിയ സംഭവങ്ങൾ ഒട്ടേറെ. ഇതു സംബന്ധിച്ച കേസുകൾ ഇരു സംസ്ഥാനങ്ങളിലും ഏറെയുണ്ട്. ഇത്തരം ലോബികളുമായി സ്വപ്നയ്ക്കും സന്ദീപിനുമുള്ള ബന്ധവും അന്വേഷണ വിധേയമാകും.

pathram desk 1:
Related Post
Leave a Comment