അറസ്റ്റിലായ സ്വർണക്കടത്ത് സംഘം മുൻപ് പ്രശസ്ത കായിക താരം കൂടിയായ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് എതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സഹായം നൽകിയിരുന്നുവെന്ന് സൂചന. ഉദ്യോഗസ്ഥയ്ക്ക് എതിരായ സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിൽ സംഘത്തിന് ബന്ധമുണ്ടെന്നാണ് വിവരം. കേസിൽ മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്.
സ്വർണക്കടത്ത് സംഘം ഉദ്യോഗസ്ഥയ്ക്ക് എതിരായ വിജിലൻസ് അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് വിവരം. പ്രശസ്ത കായിക താരത്തിന് എതിരെയുള്ള കേസിൽ മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെടും എന്ന് ഉറപ്പായ ഘട്ടത്തിലാണ് സംഘത്തിന്റെ ഇടപെടലുണ്ടായത്. നേരത്തെ സർക്കാരിന്റെ 15 ലക്ഷം സ്‌കോളർഷിപ്പിൽ വിദേശത്ത് പഠനത്തിനായി പോയ താരം അവിടെ ഒരു സ്വകാര്യ സ്ഥാപനം തുടങ്ങിയിരുന്നു. നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് എതിരെയാണ് തട്ടിപ്പ് ആരോപണം ഉയർന്ന് വന്നത്. കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥയായ താരം കേന്ദ്ര സർക്കാരിന്റെ 34 ലക്ഷം രൂപ ഫണ്ടും കൈപ്പറ്റിയിട്ടുണ്ട്. സിബിഐയ്ക്ക് കേസില്‍ അന്വേഷണം കൈമാറാൻ സർക്കാർ ആലോചിക്കുന്നതിന് ഇടയിലായിരുന്നു സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ ഇടപെടൽ ഉണ്ടായത്. പിന്നീട് കേസിലെ അന്വേഷണം നിലയ്ക്കുകയായിരുന്നു.
ഇക്കാര്യത്തിൽ താരത്തിന് എതിരെ ഒരു സംഘം വിദേശ മലയാളികൾ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും സ്‌പോർട്‌സ് കൗൺസിലിനും അടക്കമാണ് ഇവർ പരാതി നൽകിയത്. പരാതിയിൽ ഇന്ത്യൻ ഗവൺമെന്റുമായുള്ള കരാർ ലംഘിച്ച് 2003- 2009 വരെയുള്ള പഠനകാലത്ത് സ്വന്തമായി ബിസിനസ് നടത്തിയെന്നായിരുന്നു ആരോപണം.
സർക്കാരിന്റെ ഗ്രാൻറ് വാങ്ങി വിദേശ രാജ്യത്ത് ഉപരി പഠനത്തിനെത്തിയ താരം സ്വകാര്യ കമ്പനിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നതായാണ് പരാതിക്കൊപ്പം സമർപ്പിച്ചിരിക്കുന്ന രേഖകളിലുള്ളത്. ഇക്കാലയളവിൽ കേന്ദ്ര സർക്കാരിന്റെ വക 60 ലക്ഷം രൂപയോളം ഗ്രാൻറ് കൈപ്പറ്റിയതായും പരാതിയിലുണ്ട്. സർക്കാർ ഗ്രാൻറ് വാങ്ങി ഉപരിപഠനം നടത്തവെ സ്വയം ലാഭം ഉണ്ടാക്കുവാൻ വേണ്ടി ബിസിനസ് നടത്തിയത് ക്രിമിനൽ കുറ്റം ആണെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ പേരിൽ കായിക താരത്തിന്റെ ഒളിമ്പിക്‌സ് യാത്ര വരെ അവതാളത്തിലായി.
സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്ന ഘട്ടത്തിലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് സ്വർണക്കടത്ത് മാഫിയ കേസ് അട്ടിമറിച്ചത്. പിന്നീട് കേസിലെ അന്വേഷണം നിലയ്ക്കുകയായിരുന്നു. ശേഷം ഈ കായിക താരത്തെ സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ സെക്രട്ടറിയായും നിയമിച്ചിരുന്നു. ഇക്കാലയളവിലും നിരവധി വിവാദങ്ങളിൽ ഇവർ ഉൾപ്പെട്ടു.
follow us: PATHRAM ONLINE
Leave a Comment