സ്വര്‍ണക്കടത്തില്‍ വീണ്ടും അറസ്റ്റ്; കേസുമായി ബന്ധപ്പെട്ട അഞ്ചാമത്തെയാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഞായറാഴ്ച രാവിലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തിനേയും റമീസിനേയും ഒരുമിച്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേസിലുള്‍പ്പെട്ട മറ്റൊരാളെ കൂടി ഇന്ന് അറസ്റ്റ് ചെയ്തത്.

അതേസമയം, കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍.ഐ.എ. ഓഫീസില്‍ എത്തിച്ചത്.

തുടര്‍ന്ന്‌ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരേയും സ്വപ്‌ന സുരേഷിനേയും കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചു. എന്‍ഐഎ പ്രത്യേക കോടതി രണ്ടിലെ ജഡ്ജി അനില്‍കുമാര്‍ എത്തി. കോടതി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സ്വാഭാവിക റിമാന്‍ഡ് നടപടികളാവും ഇന്ന് കോടതിയില്‍ നടക്കുക. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള വിശദമായ അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കും.

അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കാവും റിമാന്‍ഡ് ചെയ്ത പ്രതികളെ ഇന്ന് അയക്കുക. നാളെ പ്രതികളുടെ കോവിഡ് പരിശോധനാഫലം ലഭിക്കും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമാവും പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കുക.

FOLLOW US: pathram online

pathram:
Related Post
Leave a Comment