ഫാസില്‍ ഫരീദ് നേരത്തെയും ദുബായില്‍ നിന്ന് സ്വര്‍ണക്കടത്ത് നടത്തിയിരുന്നു

ദുബായ്: നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസില്‍ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക്ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനാണ് ഇയാള്‍.

ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസം. ദുബായിലെത്തുന്ന സിനിമാക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണു വിവരം. നേരത്തെയും ഫാസില്‍ ഫരീദ് ദുബായില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.

കുറഞ്ഞ തോതില്‍ സ്വര്‍ണം കടത്തി തുടങ്ങിയ ഇയാള്‍ ഇതാദ്യമായാണ് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നതെന്നാണു സുചന. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ നയതന്ത്ര ബാഗേജില്‍ 30 കിലോഗ്രാം സ്വര്‍ണമാണ് കടത്തിയത്. സ്വര്‍ണം കടത്തിയത് ഇയാള്‍ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഫാസില്‍ ഫരീദിനെ പിടികൂടുകയാണെങ്കില്‍ ഈ കേസിന് വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണ് ഫാസില്‍ ഫരീദ്.

FOLLOW US pathramonline

pathram:
Leave a Comment