വാഷിങ്ടണ്‍: കോവിഡ്19ന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ അഭയം തേടിയെത്തിയ ചൈനീസ് വൈറോളജിസ്റ്റിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാന്‍ ആണ് ഇക്കാര്യം പുറത്തുപറഞ്ഞത്. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്.
വൈറസ് ബാധയെപ്പറ്റി ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നുവെന്നും അക്കാര്യം ചൈനീസ് ഭരണാധികാരികള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാന്‍ പറയുന്നു. വൈറസ് വ്യാപനത്തെപ്പറ്റി ഗവേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും വൈറോളജി മേഖലയിലെ വിദഗ്ധന്‍ ആയിരുന്നിട്ടും തന്റെ സൂപ്പര്‍വൈസര്‍ അവയൊക്കെ നിരുത്സാഹപ്പെടുത്തിയെന്നും ലി മെങ് യാന്‍ പറയുന്നു. അന്ന് ഗവേഷണം നടത്താന്‍ ശ്രമിച്ച വൈറസ് രോഗമാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ്19 എന്ന് ഇവര്‍ വ്യക്തമാക്കി.
അന്ന് ഗവേഷണം നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ന് കോവിഡ്19 എന്ന് വിളിക്കുന്ന മഹാമാരിയുടെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചു പേരിലൊരാളാണ് താനെന്നും യാന്‍ പറയുന്നു. തന്റെ സൂപ്പര്‍വൈസറിനോട് സാര്‍സിന് സമാനവും എന്നാല്‍ അതല്ലാത്തതുമായ വൈറസിനെപ്പറ്റി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി വിദേശ വിദഗ്ധര്‍ക്ക് ചൈനയില്‍ ഗവേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല.
തുടര്‍ന്ന് സുഹൃത്തുക്കളെ ഉപയോഗിച്ച് വിവരം ശേഖരിക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ വുഹാനിലാണ് രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്ന് ഇവര്‍ കണ്ടെത്തി. ഡിസംബര്‍ 31 ന് വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ സുഹൃത്തുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്പോഴും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇതേപ്പറ്റി ലോകത്തോട് പറഞ്ഞിരുന്നില്ല.
ഇതേ ദിവസമാണ് ന്യുമോണിയ ബാധിച്ച് 27 പേര്‍ വുഹാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഇതാണ് രോഗവ്യാപനത്തിന്റെ തുടക്കമായി ലോകം അറിയുന്നത്. എന്നാല്‍ ജനുവരി ഒമ്പതിന് ലോകാരോഗ്യ സംഘടന പറഞ്ഞത് രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നു.
അതിനിടെ വൈറസിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കി സൂപ്പര്‍വൈസറിനെ സമീപിച്ച സമയത്ത് ഇതേപ്പറ്റി ആരോടും സംസാരിക്കരുത് എന്ന മുന്നറിയിപ്പാണ് നല്‍കിയത്. ചുവപ്പു വര മുറിച്ചു കടക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ കുഴപ്പങ്ങളുണ്ടാകുമെന്നും നമ്മള്‍ ഇല്ലാതാക്കപ്പെടുമെന്നും സൂപ്പര്‍വൈസര്‍ മുന്നറിയിപ്പ് നല്‍കിയെന്നും ഇവര്‍ പറയുന്നു.
ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ലോകാരോഗ്യ സംഘടനയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ലാബിന്റെ കോ ഡയറക്ടറായ പ്രൊഫ. മാലിക് പെയ്‌രിസ് രോഗവ്യാപനത്തേപ്പറ്റി മുന്‍കൂര്‍ വിവരങ്ങള്‍ ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ലോകാരോഗ്യ സംഘടനയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ധാരണകളേപ്പറ്റി അറിയാമായിരുന്നതിനാല്‍ അതില്‍ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ലെന്നും യാന്‍ പറയുന്നു.
ഈ യാഥാര്‍ഥ്യങ്ങള്‍ അറിയാമായിരുന്നുവെങ്കിലും ലോകത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തന്റെ കൈയിലുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ച് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ വെച്ച് വിവരങ്ങള്‍ പുറത്തുപറയുന്നത് ജീവന്‍ അപകടത്തിലാക്കും. സത്യം വിളിച്ചുപറയുന്നവര്‍ക്ക് ചൈനയില്‍ എന്തും സംഭവിക്കാമെന്നും ലി മെങ് യാന്‍ പറയുന്നു.
ഇനി തിരികെ അവിടേക്ക് പോകാന്‍ സാധിക്കില്ല. തന്റെ കരിയര്‍ ചൈന നശിപ്പിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ലി മെങ് യാനിന്റെ ആരോപണം ചൈന തള്ളിക്കളിഞ്ഞു. ഇവര്‍ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജീവനക്കാരിയല്ലെന്നാണ് അമേരിക്കയിലെ ചൈനീസ് എംബസി പറയുന്നത്. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തി ന്റെ ഒഫിഷ്യല്‍ പേജില്‍നിന്ന് ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യവുമല്ല.
FOLLOW US: pathram online
Leave a Comment