തമിഴ്‌നാട്ടില്‍ 3,680 പുതിയ കോവിഡ് കേസുകള്‍; ആകെ രോഗികളുടെ എണ്ണം 1,30,261 ആയി; കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും കോവിഡ് ബാധിതര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,680 പുതിയ കോവിഡ് കേസുകള്‍. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,30,261 ആയി ഉയര്‍ന്നു. 46,105 പേരാണ് ചികിത്സയിലുള്ളത്. 82,324 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 64 പേര്‍ കൂടി തമിഴ്നാട്ടില്‍ മരിച്ചു.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 1829 പേരാണ്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈ ഇപ്പോഴും ഹോട്ട്‌സ്‌പോട്ടാണ്.

സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടുവരികയാണെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ പറഞ്ഞു. മരണനിരക്ക് 1.39 ശതമാനം കുറഞ്ഞതായി മന്ത്രി പറഞ്ഞു.

അതേസമയം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഇനി മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയായി യെദ്യൂരപ്പ വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിച്ചത്.

‘ഔദ്യോഗിക വസതിയും ഓഫിസുമായ കൃഷ്ണയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇന്നു മുതല്‍ കുറച്ചു ദിവസത്തേക്ക് ഞാന്‍ വീട്ടിലിരുന്നുകൊണ്ടാണ് ചുമതലകള്‍ നിര്‍വഹിക്കുക’ യെദ്യൂരപ്പ പറഞ്ഞു. ഓണ്‍ലൈനിലൂടെ ആവശ്യമായ നിര്‍ദേശങ്ങള്‍ താന്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. താന്‍ ആരോഗ്യവാനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും മുന്‍കരുതലിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണ അണുനശീകരണത്തിനായി അടച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ നിയമിച്ചിരുന്ന ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ബന്ധുവിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു അണുനശീകരണം. 30,000 കോവിഡ് 19 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 486 പേര്‍ അസുഖബാധിതരായി മരിച്ചു.

follow us; PATHRAM ONLINE

pathram:
Related Post
Leave a Comment