ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്..!!! സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യത

തിരുവനന്തപുരം നഗരത്തിലേത് പോലെ സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും, അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കി. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

ഒരു രോഗിയില്‍ നിന്ന് എട്ടോ പത്തോ പേരിലേക്ക് രോഗം വ്യാപിക്കുന്നതാണ് സൂപ്പര്‍ സ്‌പ്രെഡ്. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം, ചെറിയ മുറികളില്‍ കൂടുതല്‍ പേര്‍ താമസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികള്‍, ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാക്കും. മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മാര്‍ഗരേഖ അനുസരിച്ച് സ്വകാര്യമേഖലയില്‍ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും ഐഎംഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയിൽ കോവിഡിനെതിരേയുള്ള വാക്സിൻ അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന് വിദഗ്ധ സംഘം പാർലമെന്ററി സമിതിയെ അറിയിച്ചു.

ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് വെള്ളിയാഴ്ച പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ കോവിഡ് തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും സമിതിയിൽ വിശദമായ ചർച്ച നടന്നു.

അതേസമയം ഓഗസ്റ്റ് 15നുള്ളിൽ കോവിഡ് വാക്സിൻ പുറത്തിറക്കണമെന്ന ഐസിഎംആർ ഡയറക്ടർ ജനറലിന്റെ നിർദേശത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും വിദഗ്ധ സംഘം യോഗത്തിൽ പരാമർശിച്ചിട്ടില്ലെന്നാണ് സൂചന. വാക്സിൻ യാഥാർഥ്യമാക്കാനുള്ള ഗവേണഷണങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും കുറഞ്ഞ ചെലവിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സമിതിക്ക് മുന്നിൽ വിശദീകരിച്ചു.

മാർച്ച് അവസാനം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പാർലമെന്ററി സമിതിയുടെ ആദ്യ യോഗമായിരുന്നു ഇത്. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ അധ്യക്ഷതയിൽ ആറ് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. കോവിഡ് സാഹചര്യത്തിൽ സമിതിയിലെ മറ്റ് അംഗങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അടുത്ത യോഗം വിർച്വലായി നടത്തി കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജയ്റാം രമേശ് ഉൾപ്പെടെയുള്ള അംഗങ്ങൾ ആവശ്യപ്പെട്ടു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment