കോവിഡിന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി

ബെംഗളൂരു: കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഇനി 4,000 രൂപയ്ക്കു ലഭിക്കും. ഇന്ത്യന്‍ മരുന്നു നിര്‍മാതാക്കളായ സിപ്ല ലിമിറ്റഡ് ആണ് സിപ്രെമി എന്ന പേരില്‍ രാജ്യത്ത് മരുന്ന് ഉത്പാദിപ്പിക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 53.34 യുഎസ് ഡോളര്‍ എന്നത് ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, വിലയെക്കുറിച്ച് സിപ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലിറക്കുന്ന മരുന്നിന് 5,000 രൂപയില്‍ കൂടില്ലെന്ന് സിപ്ല നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യ ബാച്ച് മരുന്നുകള്‍ പുറത്തിറങ്ങിയതായി സിപ്ലയ്ക്കായി മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സോവറിന്‍ ഫാര്‍മ കമ്പനി അറിയിച്ചു. ആദ്യ ബാച്ചായി ഉത്പാദിപ്പിച്ച 10,000 കുപ്പികളില്‍ വിലയുടെ സ്ഥാനത്ത് 4,000 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരുന്നിന്റെ യൂറോപ്യന്‍ വകഭേദത്തിന് 4,800 രൂപയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഹെറ്റെറോ ലാബ്‌സ് ലിമിറ്റഡിന്റെ റെംഡെസിവിര്‍ മരുന്നായ കോവിഫോറിന്റെ ഒരു ചെറു കുപ്പിക്ക് 5,400 രൂപയാണ് ഈടാക്കുന്നത്. അതേസമയം, റെംഡെസിവിറിന്റെ യഥാര്‍ഥ ഉത്പാദകരായ ഗിലെയദ് സയന്‍സസ് കമ്പനി 100 എംജി കുപ്പിക്ക് 390 യുഎസ് ഡോളറാണ് (29,000 രൂപ) വിലയിട്ടിരിക്കുന്നത്. എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകാന്‍ വിവിധ രാജ്യങ്ങളിലെ ജനറിക് ഉത്പാദകരുമായി ധാരണയിലാവുകയായിരുന്നു.

ആദ്യ മാസത്തില്‍ 80,000 കുപ്പി മരുന്ന് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിപ്ല ബിസിനസ് സിഇഒയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നിഖില്‍ ചോപ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അയച്ച ഇമെയില്‍ പ്രസ്താവനയില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മരുന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍, ആശുപത്രികള്‍ വഴി മാത്രമേ ലഭ്യമാവൂ. നേരത്തേ, ഗിലെയദ് സയന്‍സസ് അറിയിച്ചിരുന്നത് 5 ദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിക്ക് ആറു കുപ്പി മരുന്നു വേണമെന്നാണ്.

എന്നാല്‍ സിപ്ലയുടെ എത്ര കുപ്പി മരുന്നുകള്‍ കോവിഡിന്റെ പൂര്‍ണ ചികിത്സയ്ക്ക് ആവശ്യം വരുമെന്ന് വ്യക്തമായിട്ടില്ല. കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ച ഏക മരുന്നാണ് റെംഡെസിവിര്‍.

FOLLOW US: pathram online

pathram:
Related Post
Leave a Comment