എറണാകുളം: കൊച്ചി നഗരത്തില്‍ കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉറവിടം കണ്ടെത്തുന്നതിനാല്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ മുന്‍സിപ്പാലിറ്റിയിലെ 8, 21 വാര്‍ഡുകളെക്കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്‌മെന്റ് സോണുകളിലെ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ട് മണിമുതല്‍ ഒരുമണിവരെ മാത്രമായിരിക്കും ഇവയുടെ പുതുക്കിയ പ്രവര്‍ത്തന സമയം. കണ്ടെയ്‌മെന്റ് സോണുകളിലെ സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി സൗകര്യം മാത്രമാണ് ഏർപ്പെടുത്തുക.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകർ അടയ്ക്കും. കോവിഡ് രോഗവ്യാപനത്തെ താഴെത്തട്ടില്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചെല്ലാനം പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ടീവ് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. നായരമ്പലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ ഇന്ന് അര്‍ദ്ധരാത്രിയോടെ കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒിവാക്കും. നിയന്ത്രണങ്ങൾ മാറ്റിയാലും ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എല്ലാ ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകും ജനറല്‍ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധനയ്ക്കായി സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ രണ്ട് ദിവസത്തിനുളളില്‍ പി.വി.എസ് ആശുപത്രിയിലും കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധനാ സൗകര്യം ഒരുക്കും. ജില്ലാ കളക്ടർ എസ്. സുഹാസ്, അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
follow us pathramonline
Leave a Comment