ഏപ്രിലില്‍ തന്നെ കോവിഡ് സമൂഹവ്യാപനമുണ്ടായെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : കര്‍ശന ലോക്ഡൗണിലായിരുന്ന ഏപ്രിലില്‍ രാജ്യത്തു കോവിഡ് സമൂഹവ്യാപനമുണ്ടായെന്നു സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗരേഖയിലാണു പരാമര്‍ശം. സമൂഹവ്യാപനം എന്ന വാക്ക് ഉപയോഗിക്കാന്‍ ഇപ്പോഴും മടിക്കുന്ന സര്‍ക്കാര്‍, ഏപ്രിലില്‍ നിയന്ത്രിത അളവില്‍ സമൂഹവ്യാപനമുണ്ടായെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായ പലരും സ്വകാര്യമായി ഇക്കാര്യം സമ്മതിച്ചിരുന്നെങ്കിലും ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യം.

സമൂഹവ്യാപനം ഉണ്ടായെന്നു നേരത്തേ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അടക്കം ചൂണ്ടിക്കാട്ടിയെങ്കിലും ആരോഗ്യ മന്ത്രാലയം സമ്മതിച്ചില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇത് അംഗീകരിച്ചില്ല. ഇന്ത്യ പോലെ വലിയ രാജ്യത്തു സമൂഹവ്യാപനം സ്ഥിരീകരിക്കുന്നതിനു മതിയായ തെളിവില്ലെന്നായിരുന്നു ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞത്.

ഏപ്രില്‍ മുതലാണു രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ആദ്യം കോവിഡ് സ്ഥിരീകരിച്ച ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ആകെ 309 കേസുകള്‍ മാത്രമായിരുന്നു. ഏപ്രിലില്‍ രോഗികള്‍ 6 മടങ്ങോളം വര്‍ധിച്ചു. 4.8 മടങ്ങാണു മേയില്‍ വര്‍ധിച്ചത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment